പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ
ശനി, 19 മാര്‍ച്ച് 2016 (02:10 IST)
നവംബറിൽ 130 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി ബ്രസല്‍സില്‍ പിടിയിലായി. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ബ്രസല്‍സില്‍ ജനിച്ച ഫ്രഞ്ചുപൗരനുമായ സലാഹ് അബ്ദസ്‌ലാമാണ് പിടിയിലായത്.
ഇയാളെ കൂടാതെ മറ്റു രണ്ടു പേരെകൂടി അറസ്റ്റ് ചെയ്തതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരാക്രമണത്തിനുശേഷം കടന്നുകളഞ്ഞ എട്ടാമത്തെ ഭീകരനായിരുന്നു സലാഹ് അബ്ദസ്‌ലാം. ബ്രസല്‍സിനടുത്ത് മൊളെന്‍ബീക്കില്‍ വെള്ളിയാഴ്ച കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് 26കാരനായ ഇയാളെ പരിക്കുകളോടെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.
ബ്രസല്‍സിലെ ഒരു അപ്പാര്‍ട്മെന്‍റില്‍ നടത്തിയ തിരച്ചിലില്‍ അബ്ദുസ്സലാമിന്റെ വിരലടയാളം കണ്ടത്തെിയിരുന്നു. ഈ റെയ്ഡിനിടെ വെടിവെപ്പില്‍ അബ്ദുസ്സലാമിന്റെ സഹായി എന്നു കരുതുന്ന മുഹമ്മദ് ബെല്‍ക്കെയ്ദ് മരിച്ചിരുന്നു. ഇവിടെനിന്ന് രക്ഷപ്പെട്ട രണ്ടുപേരില്‍ ഒന്ന് അബ്ദുസ്സലാം ആണെന്ന് പൊലീസ് സംശയിച്ചിരുന്നു. ഭീകരാക്രമണത്തിനുശേഷം കടന്നുകളഞ്ഞ എട്ടാമത്തെ ഭീകരനായിരുന്നു സലാഹ് അബ്ദസ്‌ലാം.