പാരിസ് ആക്രമണത്തിനു ശേഷം ഫ്രാന്‍സിലെ മുസ്ലിങ്ങള്‍ക്കു ദുരിതം. രാജ്യത്തെ മുസ്ലിങ്ങള്‍ക്കു നേരെ പരക്കെ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് നാടു കടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും മുസ്ലിം വിരുദ്ധ ചുവരെഴുത്തുകള്‍ കാണാം. പാരിസിലെ മിക്ക മോസ്കുകളുടെയും പുറംഭിത്തിയില്‍ പ്രതിഷേധക്കാര്‍ സ്വാസ്‌തിക് ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്.
ചുരുക്കത്തില്‍ പാരിസിലെ മുസ്ലിങ്ങള്‍ക്ക് ഇത് വളരെ മോശം സമയമാണ്. ഐ എസ് പാരിസില്‍ നടത്തിയ ഭീകരാക്രമണത്തില്‍ നിരവധി മുസ്ലിങ്ങള്‍ മരിക്കുകയും അനേകം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തെ പാരിസിലെയും ലോകമെങ്ങുമുള്ള മറ്റു മുസ്ലിങ്ങളും അപലപിച്ചിരുന്നു. ഭീകരാക്രമണം നടന്ന സ്ഥലങ്ങളില്‍ അനുശോചനം അറിയിക്കാനും ആദരാഞ്ജലി അര്‍പ്പിക്കാനും രാജ്യത്തെ മുസ്ലിങ്ങള്‍ പൂക്കളുമായി എത്തിയിരുന്നു. പക്ഷേ, ഇതൊന്നും രാജ്യത്ത് ഉടലെടുത്ത മുസ്ലിം വിരുദ്ധത കുറയ്ക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
പാരിസിലെ ഗ്രാന്‍സ് മോസ്കില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് എത്തിയവരെ കര്‍ശന പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് കടത്തിവിട്ടത്. കനത്ത പൊലീസ് സന്നാഹവും മോസ്കിനു പുറത്ത് ഉണ്ടായിരുന്നു. അതേസമയം, ആക്രമണം നടത്തിയവരുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്ന് സ്ഥിരീകരിക്കാനുള്ള പെടാപ്പാടിലാണ് പാരിസിലെ മിക്ക മുസ്ലിങ്ങളും.