പാരിസ്; സൂത്രധാരന്‍ അബ്ദുല്‍ ഹമീദ് ആത്മഹത്യ ചെയ്‌തെന്നു റിപ്പോര്‍ട്ട്
വ്യാഴം, 19 നവംബര്‍ 2015 (10:43 IST)
പാരിസ് സ്‌ഫോടനക്കേസിന്റെ സൂത്രധാരന്‍ അബ്ദുല്‍ ഹമീദ് അബൗദ് ആത്മഹത്യ ചെയ്തതായി അഭ്യൂഹം. വടക്കന്‍ പാരിസിലെ സെയിന്റ് ഡെനിസ് മേഖലയിലെ ഒരു ഫ്‌ളാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്ന് ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്കോ റിച്ചിയര്‍ അറിയിച്ചത്. മൊറോക്കോ വംശജനായ അബ്ദുല്‍ ഹമീദ് (28) ബ്രസല്‍സ് നിവാസിയാണ്.
വടക്കന്‍ ഫ്രാന്‍സിലെ സെന്റ് ഡെനിസിലെ പാര്‍പ്പിട സമുച്ചയത്തില്‍ അബു ഔദ് ഒളിവില്‍ താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ പൊലീസിനു നേരെ വെടിവെപ്പ് ഉണ്ടാകുകയായിരുന്നു. നൂറോളം പൊലീസുകാര്‍ പ്രദേശം വളഞ്ഞതിനെ തുടര്‍ന്ന് പാര്‍പ്പിട സമുച്ചയത്തിലെ ഫ്ലാറ്റില്‍ സ്‌ഫോടനം നടക്കുകയായിരുന്നു. ഒരു സ്ത്രീയും ഒരു പുരുഷനും സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിലെ പുരുഷന്‍ അബ്ദുല്‍ ഹമീദ് ആണെന്നാണ് കരുതുന്നത്. പെണ്‍കുട്ടി ഇയാളുടെ കാമുകിയാണെന്നുമാണ് നിഗമനം. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഇവര്‍ പോലീസിനുനേരേ എ.കെ-47 തോക്കുപയോഗിച്ച് വെടിവെക്കുകയും ചെയ്‌തു.
പൊലീസിനു നേരെ വെടിയുതിര്‍ത്ത മൂന്നു പേരെയും അപ്പാര്‍ട്ട്‌മെന്റിനു സമീപത്തു നിന്ന് ഒരു സ്ത്രീ അടക്കം രണ്ടു പേരെയും അറസ്റ്റ് ചെയ്‌തെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അബു ഔദിനെ പിടികൂടുന്നതിനായി മേഖലയിലെ റോഡുകളെല്ലാം അടച്ച് പാരീസിന്റെ പ്രാന്തപ്രദേശമായ സാംഗ് ദെനിയില്‍ ഏഴു മണിക്കൂറുകളോളം പോലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.