പാകിസ്ഥാന്‍ കൂട്ട വധശിക്ഷയ്ക്കൊരുങ്ങുന്നു, ഇത്തവണ തൂക്കിലേറ്റുക 65 കുറ്റവാളികളെ

ചൊവ്വ, 23 ജൂണ്‍ 2015 (13:45 IST)
പാകിസ്ഥാന്‍ വീണ്ടും കൂട്ട വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നു. ഒരു വനിതയുള്‍പ്പടെ 65 പേരുടെ ദയാഹര്‍ജികള്‍ പ്രസിഡന്റ് മംമ്‌നൂണ്‍ ഹുസൈന്‍ നിരസിച്ചതൊടെയാണ് വധശിക്ഷകള്‍ക്കുള്ള നടപടികള്‍ തുടങ്ങിയത്.  ഈദുള്‍ ഫിത്തറിനു ശേഷം ഇവരുടെ ശിക്ഷ നടപ്പാക്കും. ലഹോറില്‍ നിന്നുള്ള കനീസാന്‍ ബിബിയാണ് വധശിക്ഷ കാത്തുകഴിയുന്ന വനിത.

മാനസികമായി അസ്വസ്ഥത പ്രകടിപ്പിക്കുന്ന വനിതാ കുറ്റവാളിയാണ് കനീസാന്‍ ബിബി. പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക്  വിധിക്കപ്പെട്ട ഒമ്പതാമത് വനിതയുമാണിവര്‍. വധശിക്ഷ കാത്ത് വര്‍ഷങ്ങളായി തടവില്‍ കഴിയുന്നവരുടെ ശിക്ഷ അടുത്തകാലത്ത് കൂട്ടത്തോടെ നടപ്പാക്കി വരികയാണ്. പെഷാവറിലെ സൈനിക സ്‌കൂളിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശിക്ഷ നടപ്പാക്കല്‍ ഊര്‍ജിതമാക്കിയത്.

എന്നാല്‍ റമദാന്‍ മാസത്തില്‍ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 150 ഓളം കുറ്റവാളികളെയാണ് പാകിസ്ഥാന്‍ തൂക്കിലേറ്റിയത്.

വെബ്ദുനിയ വായിക്കുക