ദക്ഷിണാഫ്രിക്കയുടെ ബ്ളേഡ് റണ്ണര്‍ ഓസ്കര്‍ പിസ്റ്റോറിയസ് കാമുകിയെ വെടിവെച്ചത് ആസൂത്രിതമായല്ലെന്ന് കോടതി. ആസൂത്രിത കൊലപാതകമാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. എന്നാല്‍ കൊലപാത കുറ്റം ഇല്ലാതാകുന്നില്ലെന്നും മറ്റു വകുപ്പുകള്‍ പ്രകാരം അദ്ദേഹത്തിന് 25 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടിയേക്കും. കാമുകിയായ റീവ സ്റ്റീന്‍കാംപിനെ കഴിഞ്ഞ വര്‍ഷം വാലന്റൈന്‍സ് ദിനത്തില്‍ വെടിവച്ചു കൊന്നുവെന്നാണ് പിസ്റ്റോറിയസിനെതിരെയുള്ള കുറ്റം.
2013ലെ വാലന്റീസ് ഡേയിലാണ് കാമുകി റീവ സ്റ്റീന്‍കാംപ് പിസ്‌റ്റോറിയസിന്റെ താമസസ്ഥലത്ത് വെടിയേറ്റു മരിച്ചത്. അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു ശ്രമിച്ചയാള്‍ എന്നു തെറ്റിദ്ധരിച്ച് പിസ്‌റ്റോറിയസ് വെടിവച്ചുവെന്നാണ് കുറ്റപത്രം. വെടിയൊച്ചയും നിലവിളി ശബ്ദവും കേട്ടതായി നിരവധി സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. 20 ഓളം സാക്ഷികളെയാണ് ആറു മാസം നീണ്ട വിചാരണയ്ക്കിടെ വിസ്തരിച്ചത്.
തുറന്നുകിടന്ന ജനാലയ്ക്കുള്ളിലൂടെ ആരോ അകത്തു കയറിയെന്ന ഭയത്തെത്തുടര്‍ന്നാണു കാമുകി ഒളിച്ചിരുന്ന ബാത്ത്റൂമിലേക്കു വെടിവച്ചതെന്നായിരുന്നു പിസ്റ്റോറിയസിന്റെ മൊഴി. വാതിലിനു നേരെ വെടിവച്ചശേഷം താന്‍ അലറി വിളിച്ചു. തങ്ങള്‍ രണ്ടുപേരും അതിതീവ്രമായ പ്രണയത്തിലായിരുന്നുവെന്നും അതുകൊണ്ടുതന്നെ തികഞ്ഞ സന്തോഷത്തിലായിരുന്നുവെന്നുമാണ് പിസ്റ്റോറിയസ് പറഞ്ഞത്.
എന്നാല്‍ കൃത്രിമക്കാലുകള്‍ ഘടിപ്പിച്ചശേഷം ആയുധവുമായി ഏഴു മീറ്ററോളം നടന്ന ശേഷമാണ് പിസ്റ്റോറിയസ് ബാത്ത്‌റൂം വാതിലിനിടയിലൂടെ വെടിവച്ചതെന്നു പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്. മൂന്നു തവണ റീവയ്ക്കു വെടിയേറ്റു. അവര്‍ക്ക് എവിടെയും പോകാനാവുമായിരുന്നില്ല. തീര്‍ത്തും നിരപരാധിയായ ഒരു യുവതിയെയാണ് പിസ്റ്റോറിയസ് വെടിവച്ചതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.