ഒസാമ ബിന്‍ലാദന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകന്‍

ശനി, 20 ജൂണ്‍ 2015 (17:49 IST)
അല്‍ ഖ്വായ്ദ ഭീകരന്‍ ഒസാമ ബിന്‍ലാദന്റെ മരന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഒസാമയുടെ മകന്‍ രംഗത്തെത്തി. ഒസാമ ബിന്‍ലാദന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകന്‍ അമേരിക്കയെ സമീപിച്ചതായി വിക്കിലീക്‌സാണ് വെളിപ്പെടുത്തിയിരിക്കുന്നത്. റിയാദിലെ അമേരിക്കന്‍ എംബസിക്ക് ഒസാമ ബിന്‍ലാദന്റെ മകന്‍ അബ്ദുളള ബിന്‍ ലാദന്‍ അയച്ച കത്താണ് പുറത്തുവിട്ടിരിക്കുന്നത്. സൗദി കേബിള്‍സ് എന്ന പേരില്‍ വീക്കിലിക്‌സ് പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യമുളളത്.

പാകിസ്ഥാനില്‍ നടത്തിയ സൈനിക ആക്രമണത്തില്‍ അല്‍ഖ്വയ്ദ് നേതാവ് ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്നാണ് അമേരിക്കയുടെ അവകാശവാദം. ഇതിനു തെളിവു തേടിയാണ് ഒസാമയുടെ മകന്‍ അബ്ദുള്ള ബിന്‍ലാദന്‍ രംഗത്തെത്തിയിരിക്കുന്നത്.  ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ട് നാലു മാസത്തിനു ശേഷമാണ് മകന്‍ കത്തയച്ചത്. റിയാദിലെ യുഎസ് സ്ഥാനാപതി ഗ്ലെന്‍ കെയ്‌സറിന്റെ ഒപ്പ് കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒസാമയുടെ മകന്‍ അബ്ദുള്ള ബിന്‍ ലാദന്‍ 2011 സെപ്റ്റംബര്‍ 9 നാണ് കത്തയച്ചതെന്നും വിക്കീലിക്‌സ് പുറ്ത്തുവിട്ട രേഖകളില്‍ പറയുന്നു.

നിങ്ങളുടെ പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള കത്ത് ഞാന്‍ സ്വീകരിച്ചിരിക്കുന്നു എന്ന് കെയ്‌സര്‍ മറുപടിയും നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് രേഖകളൊന്നും പുറത്ത വിടാന്‍ നിയമ മന്ത്രാലയം തയ്യാറായിട്ടില്ലെന്നും യുഎസ് ഭരണകൂടം ഇവ കൈമാറാന്‍ തയ്യാറാകുമെന്ന് പ്രതിക്ഷിക്കുന്നതായും കെയ്‌സര്‍ അബ്ദുള്ള ബിന്‍ലാദന്‍ അയച്ച മറുപടി കത്തില്‍ പറയുന്നു.

2011 മേയ് 1 ന് ഇസ്ലാമാബാദില്‍ നിന്നും 50കി.മീ. മാത്രം അകലെ അബ്ബോട്ടാബാദ് എന്ന സ്ഥലത്ത് നടത്തിയ സൈനിക ഓപ്പറേഷനില്‍ കൂടിയാണ് ഒസമയെ വധിച്ചത് എന്നാണ് അമേരിക്ക പറയുന്നത്. ‘ഓപ്പറേഷന്‍ ജെറോനിമോ’ എന്നായിരുന്നു ദൌത്യത്തിന്റെ പേര്. കൊലപ്പെടുത്തിയതിനു ശേഷം ഒസാമയുടെ മൃതദേഹം കടലില്‍ സംസ്കരിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക