ഒര്‍ലാന്‍ഡോ കൂട്ടക്കൊല: കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി, ഉത്തരവാദിത്ത്വം ഐഎസ് ഏറ്റെടുത്തു

തിങ്കള്‍, 13 ജൂണ്‍ 2016 (08:08 IST)
അമേരിക്കന്‍ സംസ്ഥാനമായ ഫ്ലോറിഡയിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബ്ബില്‍ അതിക്രമിച്ചു കടന്ന യുവാവ് നടത്തിയ വെടിവയ്പിൽ 50 പേർ കൊല്ലപ്പെട്ടു. 53 പേർക്കു പരുക്കേറ്റു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.

വെടിവയ്പിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ എസ്) ഭീകരര്‍ ഏറ്റെടുത്തു. ഐഎസുമായി ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭീകരാക്രമണമാണോ നടന്നതെന്നുള്ള കാര്യം അമേരിക്കന്‍ ഫെഡറല്‍ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  

ഞായറാഴ്ച പുലർച്ചെ രണ്ടോടെ വിനോദസ‍‍ഞ്ചാരകേന്ദ്രമായ ഒർലാൻഡോയിലെ ‘പൾസ്’ ക്ലബിൽ കടന്ന തോക്കുധാരി ചുറ്റുപാടും വെടിയുതിർക്കുകയായിരുന്നു. ഫ്ലോറിഡയിൽ താമസക്കാരനായ ഒമർ സാദിഖ് മാറ്റീൻ (29) ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് വെടിവച്ചു കൊന്നു.

കാവല്‍ നിന്ന പൊലീസുകാരെ വെടിവച്ചു കൊന്നശേഷം ക്ലബ്ബില്‍ പ്രവേശിച്ച അക്രമി അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കി വെടിവയ്പ് തുടരുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ 300ഓളം പേര്‍ ക്ലബ്ബിലുണ്ടായിരുന്നു. ക്ലബ്ബിനുള്ളില്‍ ചെറിയ സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുണ്ട്. 40 തവണയെങ്കിലൂം ഇയാള്‍ വെടിയുതിര്‍ത്തുവത്രെ. മൂന്നു മണിക്കൂറിനുശേഷമാണു പൊലീസ് ക്ലബ്ബിൽ ഇരച്ചുകയറി അക്രമിയെ വെടിവച്ചുവീഴ്ത്തിയത്. മുപ്പതോളം പേരെ പൊലീസ് രക്ഷിക്കുകയും ചെയ്‌തു.

20 മൃതദേഹങ്ങള്‍ ക്ലബ്ബിന് അകത്തുതന്നെയാണ് കണ്ടത്തെിയത്. എല്ലായിടത്തും മരിച്ചവരും പരുക്കേറ്റവരും ചിതറിക്കിടക്കുകയായിരുന്നെന്നും പൊലീസ് എത്തിയശേഷമാണ് ആശുപത്രിയിലത്തെിക്കാനായതെന്നും ക്ലബ്ബിനകത്തുണ്ടായിരുന്നവര്‍ പറഞ്ഞു.

വെടിവയ്പ്പ് തുടങ്ങി മൂന്നു മണിക്കൂറിനുശേഷം ക്ലബ്ബിനുള്ളിൽ കടന്ന പൊലീസ് അക്രമിയെ വെടിവച്ചു കൊന്നശേഷം ബന്ദികളാക്കിയവരെ മോചിപ്പിച്ചുവെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ചിലരെ ബന്ധികളാക്കിയെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.  സംഭവസമയത്ത് 100ൽ അധികം പേർ ക്ലബ്ബിനുള്ളിൽ ഉണ്ടായിരുന്നതായാണ് വിവരം.

ക്ലബ്ബിനു പുറത്ത് നൂറ് കണക്കിന് പൊലീസ് സംഘം എത്തിച്ചേര്‍ന്നിട്ടുണ്ട്. ആംബുലന്‍സ് അടക്കമുള്ള അടിയന്തര സേവന വാഹനങ്ങളും സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രദേശത്തു നിന്നും ജനങ്ങളോട് ഒഴിഞ്ഞു നില്‍ക്കണമെന്ന് പൊലീസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക