കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കാര്‍ണിവല്‍ നഗരത്തില്‍ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30) വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന് തുടക്കമായി.
പ്രതിസന്ധികളെ മറികടന്ന് റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ ലോക കായിക ഉത്സവത്തിന് വര്‍ണാഭമായ തുടക്കമാണ് നടന്നത്. പാരമ്പര്യവും പുതുമയും ഒരുപോലെ നിഴലിക്കുന്ന ചടങ്ങുകളാണ് വേദിയിൽ നടക്കുന്നത്. ബ്രസീലിന്റെ വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പാരമ്പര്യം മൂന്ന് മണിക്കൂര്‍ ലോകത്തെ മാറാക്കാനയില്‍ പിടിച്ചിരുത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. തുടര്‍ന്ന് കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടക്കും. റിയോ ഒളിമ്പിക്‌സില്‍ 206 രാജ്യങ്ങളില്‍ നിന്നായി 10,500ലേറെ താരങ്ങള്‍ മാറ്റുരയ്ക്കും.
ആഘോഷരാവ് ബ്രസീലിന്റെ വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പാരമ്പര്യം ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ മാരക്കാനയെ വിസ്മയിപ്പിച്ചു. പണക്കൊഴുപ്പില്ലാതെ എന്നാല്‍ മനോഹരമായ ഉദ്ഘാടന ചടങ്ങുകള്‍ക്കാണ് തുടക്കമായത്. പ്രശസ്ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സെയ്‌റെല്ലലാണ് ഉദ്ഘാടന ചടങ്ങിനെ അണിയിച്ചൊരുക്കുന്നത്. റിയോ ഡി ജനീറോയുടെ കായിക സംസ്‌കാരം പറഞ്ഞാണ് ചടങ്ങ് തുടങ്ങിയത്.
പിന്നീട് രാജ്യത്തിന്റെ അഭിമാനമായ പോര്‍ച്ചുഗീസിന്റെ കടന്നുവരവും ബ്രസീലിന്റെ ചരിത്രവും മാറ്റങ്ങളും കാര്‍ഷിക വൃത്തിയും വേദിയിലെത്തി. ബ്രസീലിയന്‍ ഗായകന്‍ പൗളിഞ്ഞോ ഡാ വിയോള ദേശീയ ഗീതം അവതരിപ്പിച്ചതോടെ മാറക്കാനയില്‍ ആവേശമുയര്‍ന്നു. വര്‍ണം വാരിച്ചൊരിഞ്ഞ് ത്രീ ഡിയില്‍ വിരിഞ്ഞ സാംബാ താളങ്ങള്‍ക്കൊടുവില്‍ വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റുകള്‍ക്ക് പിന്നീട് ആരംഭമായി.
പോര്‍ച്ചുഗീസ് ഉച്ചാരണത്തിലുള്ള അക്ഷരമാല ക്രമത്തില്‍ ഗ്രീസ് താരങ്ങളാണ് ആദ്യം വേദിയിലെത്തിയത്. തുടര്‍ന്ന് അര്‍ജന്റീന , അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിവരുമെത്തി. രാജ്യത്തിന് അഭിമാനമായി ഇന്ത്യ കൂടി എത്തിയതോടെ ആവേശക്കൊടുമുടിയിലാണ് ലോകം.
(ചിത്രത്തിന് കടപ്പാട്: ട്വിറ്റർ)