നൈജീരിയന്‍ പട്ടണം ബോക്കോ ഹറാം പിടിച്ചെടുത്തു

ശനി, 15 നവം‌ബര്‍ 2014 (14:45 IST)
നൈജീരിയയിലെ അല്‍‌ക്വായിദ അനുകൂല തീവ്രവാദ സംഘടനയായ ബോക്കോ ഹറാം രാജ്യത്തെ വടക്കുകിഴക്കന്‍ പട്ടണമായ ചിബോക്ക് സൈന്യത്തില്‍ നിന്ന് പിടിച്ചെടുത്തു. ഏപ്രിലില്‍ 200 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത് ഇവിടെനിന്നായിരുന്നു. നൈജീരിയന്‍ സര്‍ക്കാരും തീവ്രവാദികളും തമ്മില്‍ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് തീവ്രവാദികള്‍ പട്ടണം പിടിച്ചെടുത്തത്.

ചിബോക്കില്‍നിന്ന് ഓടി രക്ഷപെട്ടവരാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്. ഇവിടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന നൈജീരിയന്‍ സൈനികര്‍ ചെറുത്തുനില്‍ക്കാന്‍ കഴിയാതെ പിന്‍‌വാങ്ങുകയായിരുന്നു. ചിബോക്കിന് പുറത്തുള്ള ഗ്രാമങ്ങള്‍ നിരന്തര ആക്രമണങ്ങളിലൂടെ പിടിച്ചെടുത്തശേഷമാണ് പട്ടണത്തിന്റെ നിയന്ത്രണവും തീവ്രവാദികള്‍ ഏറ്റെടുത്തത്. നൈജീരിയയില്‍ ഖിലാഫത്ത് സ്ഥാപിക്കുമെന്നാണ് ബോകോ ഹറാം പറയുന്നത്.

പട്ടണത്തിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ത്ത തീവ്രവാദികള്‍ ജനങ്ങളോട് ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. 200 ലേറെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബോകോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടപോയ സംഭവം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഇവരെ തീവ്രവാദികളേക്കൊണ്ട് വിവാഹം കഴിപ്പിച്ചതായി ബോക്കോ ഹറാം തന്നെ വെളിപ്പെടുത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക