ഭയത്തോടെ ബ്രസല്‍‌സ്; പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം

വ്യാഴം, 31 ഡിസം‌ബര്‍ 2015 (13:12 IST)
പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം. പതിവ് ആഘോഷമായ കരിമരുന്ന് പ്രയോഗം ഇത്തവണ നടത്തേണ്ടതില്ലെന്നാണ് തീരുമാനം. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആഘോഷപരിപാടികള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മിഷേല്‍ പ്ളാറ്റിനി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തോളം ആളുകളാണ് പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാന്‍ ബ്രസല്‍സിലെത്തിയത്. ഇത്രത്തോളം പേര്‍ ഇത്തവണയും എത്തുമെന്നാണ് പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ കരിമരുന്നുപ്രയോഗം ഉപേക്ഷിക്കുകയാണ്. പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവരെ മുഴുവന്‍ പരിശോധിച്ചശേഷം കടത്തിവിടാനാകില്ലെന്നും ബ്രസല്‍സ് മേയര്‍ വ്യക്തമാക്കി.

പാരീസ് മോഡല്‍ ഭീകരാക്രമണത്തിനു സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രസല്‍സില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണത്തിനു പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് ഈയാഴ്ചയാദ്യം രണ്ടുപേരെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക