ഭൂകമ്പത്തില്‍ ജയിലുകള്‍ തകര്‍ന്നു; നേപ്പാളില്‍ 541 തടവുകാര്‍ക്ക് പൊതുമാപ്പ്

ശനി, 30 മെയ് 2015 (13:24 IST)
ഭൂകമ്പം ദുരന്തം വിതച്ച നേപ്പാളില്‍ ജയിലുകള്‍ തകര്‍ന്നതിനെതുടര്‍ന്ന് 541 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി. റിപ്പബ്ലിക് ദിനമായ വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ശുപാര്‍ശ പ്രസിഡന്റ് രാം ബരന്‍ യാദവിന് സമര്‍പ്പിച്ചത്.
താരതമ്യേന ചെറിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും ശിക്ഷാ കാലാവധി പകുതിയിലേറെ പൂര്‍ത്തിയാക്കിയവരുമായ ആളുകള്‍ക്കാണ് പൊതുമാപ്പ് നല്‍കിയിരിക്കുന്നത്. ഭൂകമ്പത്തില്‍ 74 ജയിലുകളില്‍ മൂന്നെണ്ണം പൂര്‍ണമായും 36 എണ്ണം ഭാഗികമായും തകര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് പൊതുമാപ്പ് നല്‍കിയത്.

ജയിലുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് പലയിടത്തും ടെന്റുകളിലാണ് തടവുകാരെ താമസിപ്പിച്ചിരുന്നത്. പതിനായിരത്തോളം തടവുകാരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള നേപ്പാളിലെ ജയിലുകളില്‍ 17000ത്തോളം പേരാണുള്ളത്. നേപ്പാള്‍ ഭൂകമ്പത്തില്‍ 16 തടവുകാര്‍ക്ക് ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഭൂകമ്പം മുതലാക്കി 220 തടവുകാര്‍ ജയില്‍ ചാടിയിരുന്നു. ഇതില്‍ ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് ഇര്‍ഫാന്‍ അഹമ്മദും ഉള്‍പ്പെടും ഇയാളെ പിന്നീട് ഇന്ത്യയില്‍ നിന്ന് പൊലീസ് പിടികൂടി.

വെബ്ദുനിയ വായിക്കുക