നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തി തുറന്നു

തിങ്കള്‍, 2 നവം‌ബര്‍ 2015 (15:41 IST)
പുതിയ ഭരണഘടനയ്ക്കെതിരെ ഇന്ത്യന്‍ വംശജരായ മധേശികള്‍ നടത്തിവന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തി തുറന്നു. നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് അതിര്‍ത്തി തുറന്നത്. നേപ്പാൾ പൊലീസാണ് പ്രക്ഷോഭക്കാരെ ലാത്തിച്ചാര്‍ജിലൂടെ നീക്കം ചെയ്തതിനു ശേഷം അതിര്‍ത്തി തുറന്നത്.

അതീവ സംഘർഷ ബാധിത പ്രദേശമായ ബിർഗുംജ് - റക്സൗൾ അതിർത്തിയിലെ മിട്ടേരി പാലത്തിൽ തമ്പടിച്ചിരുന്ന പ്രക്ഷോഭകാരികളെ ലാത്തിച്ചാർജ്ജിലൂടെ പൊലീസ് നീക്കം ചെയ്തു. പൊലീസിനു നേരെ കല്ലേറുണ്ടായെങ്കിലും പ്രകടനക്കാരെ പൊലീസ് വിരട്ടിയോടിച്ചു.

സംഘര്‍ഷങ്ങളെ തുടര്‍ന്ന് ചരക്കുകളുമായി പോയ ഇന്ത്യൻ ട്രക്കുകൾ ഒരാഴ്ചയിലധികമായി അതിർത്തിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. അതേസമയം അതിര്‍ത്തി തുറന്നെങ്കിലും ഇന്ത്യയിൽ നിന്ന് ഒരു വാഹനങ്ങളും നേപ്പാളിലേക്ക് കടന്നിട്ടില്ല എന്നാണ് കാഡ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍ നേപ്പാളില്‍ നിന്ന് 170 ട്രക്കുകള്‍ ഇന്ത്യയിലേക്ക് കടന്നു.

വെബ്ദുനിയ വായിക്കുക