കാത്തിരിപ്പിനൊടുവില്‍ നേപ്പാളില്‍ ഭരണഘടന യാഥാര്‍ഥ്യത്തിലേക്ക്

ബുധന്‍, 10 ജൂണ്‍ 2015 (09:58 IST)
നീണ്ടകാലമായി തര്‍ക്കം തുടര്‍ന്നിരുന്ന നിര്‍ണായക കാര്യങ്ങളില്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ ധാരണയിലത്തെിയതോടെ നേപ്പാളില്‍ പുതിയ ഭരണഘടനക്ക് വഴിതെളിഞ്ഞു. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി സുശീല്‍ കൊയൃളയുടെ വസതിയില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്ക് ശേഷം നാലു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചു.  ഇതുസംബന്ധിച്ച് പാര്‍ലമെന്‍റിലും ചൊവ്വാഴ്ച ചര്‍ച്ച നടന്നു.
 
പുതിയ ഭരണഘടന പ്രകാരം നേപ്പാളില്‍ എട്ട് ഫെഡറല്‍ സംസ്ഥാനങ്ങള്‍ ഉണ്ടാവും. സംസ്ഥാനങ്ങളുടെ കൃത്യമായ അതിര്‍ത്തികള്‍ തീരുമാനിക്കാന്‍ പ്രത്യേക കമീഷനെ നിയമിക്കും. കമീഷന്‍ അംഗങ്ങളെ പിന്നീട് തീരുമാനിക്കും. സംസ്ഥാനങ്ങളില്‍ ആദ്യം തെരഞ്ഞെടുപ്പ് നടത്തും. പിന്നീടാണ് അന്തിമമായി അതിര്‍ത്തികള്‍ നിശ്ചയിക്കുക. സംസ്ഥാനങ്ങളുടെ പേരും തെരഞ്ഞെടുപ്പിന് ശേഷമാവും തീരുമാനിക്കുക. 
 
ഇപ്പോള്‍ ഒപ്പിട്ട നാലു പാര്‍ട്ടികള്‍ ചേര്‍ന്നാല്‍ 601 അംഗ സഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാകും. അതിനാല്‍തന്നെ പുതിയ ഭരണഘടന വൈകാതെ നിലവില്‍ വരുമെന്ന് ഉറപ്പായി. അടുത്തിടെ നേപ്പാളില്‍ സംഭവിച്ച ഭൂകമ്പ ദുരന്തമാണ് ഭരണഘടനക്ക് വേഗമേറ്റിയത്. ഭരണഘടനാ പ്രതിസന്ധി നീക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമേല്‍ കനത്ത സമ്മര്‍ദമാണ് ഭൂകമ്പം ചെലുത്തിയത്.
 

വെബ്ദുനിയ വായിക്കുക