കൊതുകിനെ തുരത്താനും ഡ്രോണുകള്‍, സായിപ്പന്മാരുടെ രസകരമായ കണ്ടുപിടുത്തം ഇതാ
ബുധന്‍, 17 ജൂണ്‍ 2015 (15:51 IST)
കൊതുകുകള്‍ രോഗങ്ങള്‍ പരത്തുന്നവയാണ്. മാരകമായ ഡെങ്കിപ്പനി, പക്ഷിപ്പനി എന്നിവ പകരാന്‍ കൊതുകുകള്‍ കാരണമാകുന്നു. എന്നാല്‍ കൊതുകിനെ ഓടിച്ചിട്ട് പിടികൂടാനും നശിപ്പിക്കാനും സാധിക്കാത്തതിനാല്‍ കൊതുക് കെണിവെച്ചും കൊതുക് തിരിമുതലായ വിഷങ്ങള്‍ പുകച്ചുമാണ് നമ്മള്‍ കൊതുകിനെ തുരത്തുന്നത്. എന്നാല്‍ കൊതുകിനെ പറന്ന് നടന്ന് നശിപ്പിക്കാന്‍ പറ്റിയാലോ?
പറ്റിയാലോ എന്നല്ല ഇനി അതിനും പറ്റും. പക്ഷെ മനുഷ്യര്‍ക്കല്ല. പിന്നെയോ അതിനായി ഡ്രോണുകള്‍ ഇനി രംഗത്തിറങ്ങും. അമേരിക്കന്‍ ടെക് കമ്പനിയായ മൈക്രോസോഫ്‌റ്റാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഡ്രോണുകളാണ് കമ്പനിയുടെ വാഗ്‌ദാനം. രോഗം പരത്തുന്ന കൊതുകുകളെ വേര്‍തിരിച്ച് മനസിലാക്കാന്‍ ഇത്തരം ഡ്രോണുകള്‍ക്ക് കഴിയും.
പ്രോജക്‌ട് പ്രൊമോനിഷന്‍(മുന്നറിയിപ്പ്) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വൈദ്യശാസ്‌ത്ര രംഗത്തെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഡങ്കിപ്പനി, പക്ഷിപ്പനി തുടങ്ങിയവ പടരുന്നത് മുന്‍കൂട്ടി മനസിലാക്കുന്നതിനും ഇത്തരം രോഗങ്ങള്‍ പടരുന്നത് തടയുന്നതിനുവേണ്ട നടപടികള്‍ ഡോക്‌ടര്‍മാര്‍ക്ക് മുന്‍കൂട്ടി സ്വീകരിക്കുന്നതിനും വേണ്ടിയാണ് ഈ പ്രോജക്ട്. മൈക്രോസോഫ്‌റ്റിലെ ഗവേഷകനായ ഏദന്‍ ജാക്‌സനാണ് പദ്ധതിയുടെ ചുമതല.