മാലിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; മൂന്ന് ദിവസം ദുഖാചരണം

ശനി, 21 നവം‌ബര്‍ 2015 (12:38 IST)
മാലി തലസ്ഥാനമായ ബമാകോയിലെ റാഡിസണ്‍ ബ്ളൂ ആഡംബര ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാലിയില്‍ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഇബ്രാഹിം ബൗബാക്കര്‍ കെയ്ത അടിയന്തര മന്ത്രിസഭായോഗം വിളിച്ചാണ് ദേശീയ ടെലിവിഷനിലൂടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം,  കൊലപ്പെട്ടവരുടെ എണ്ണം 27 ആയി. 20 ഇന്ത്യക്കാരടക്കം ഭീകരര്‍ ബന്ദിയാക്കിയിരുന്ന എല്ലാവരെയും മോചിപ്പിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. മരിച്ചവരുടെ മൃതദേഹം ഐക്യരാഷ്ട്രസഭാ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. രണ്ടു ഭീകരരും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

ഇന്നലെ രാവിലെ പ്രാദേശികസമയം രാവിലെ 7 മണിയോടെയാണ് ആക്രമണം ഉണ്ടായത്. നയതന്ത്ര പ്രതിനിധികളുടെ നമ്പർപ്ലേറ്റുള്ള കാറിലാണ് ഭീകരർ ഹോട്ടലിൽ എത്തിയത്. ഗാർഡുകൾക്ക് നേരെ വെടിവയ്‌ക്കുകയും ഗ്രനേഡുകൾ വലിച്ചെറിയുകയും ചെയ്‌ത ഭീകരർ ഹോട്ടലിനകത്തേക്ക് ഇരച്ചു കയറുകയായിരുന്നു. അല്ലാഹു അക്ബർ എന്ന് വിളിച്ചുകൊണ്ടാണ് ഭീകരർ ആക്രമണം നടത്തിയത്.

ഭീകരാക്രമണസമയത്ത് 124 അതിഥികളും 30  സ്റ്റാഫുകളും ഹോട്ടലില്‍ ഉണ്ടായിരുന്നു. 190 മുറികളുള്ള ഹോട്ടലിന്റെ ഏഴാം നിലയിലാണ് ആക്രമണം ഉണ്ടായത്. തോക്കുധാരികളായ പത്തോളം ഭീകരര്‍ 170 പേരെ ബന്ദികളാക്കുകയായിരുന്നു. ഇരുപത് ഇന്ത്യാക്കാരും ഹോട്ടലില്‍ ഉണ്ടായിരുന്നു. ഹോട്ടലിനകത്തു നിന്നും കനത്ത ശബ്ദത്തിലുള്ള വെടിയൊച്ചകള്‍ കേട്ടതോടെ യുഎന്‍ - മാലി-ഫ്രഞ്ച് സൈനികരുടെ സംയുക്ത സംഘം ഹോട്ടലിലേക്കു ഇരച്ചു കയറുകയായിരുന്നു. ഭീകരരുമായി മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് ബന്ദികളെ മോചിപ്പിച്ചത്. മൂന്ന് ഭീകരർ കൊല്ലപ്പെട്ടു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖായിദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആഫ്രിക്കന്‍ ഭീകരസംഘടന ഏറ്റെടുത്തു. വടക്കേ മാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍മൗറാബിട്ടോണ്‍ എന്ന സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക