മംഗള്‍‌യാന്‍ കാര്‍ട്ടൂണ്‍: ന്യൂയോര്‍ക്ക് ടൈംസ് മാപ്പ് പറഞ്ഞു

തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (09:11 IST)
ഇന്ത്യയുടെ അഭിമാനമായ മംഗള്‍യാന്‍ പദ്ധതിയെ കളിയാക്കി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയോട് മാപ്പ് പറഞ്ഞു. ഇന്ത്യയുടെ മംഗള്‍യാന്‍ പദ്ധതിയെ കളിയാക്കുകയായിരുന്നില്ല കാര്‍ട്ടൂണ്‍ വരച്ച ഹെ കിങ് സോങിന്റെ ഉദ്ദേശമെന്ന് പത്രം വിശദീകരിച്ചു. സമ്പന്ന രാജ്യങ്ങളുടെ മാത്രം കുത്തകയല്ല ബഹിരാകാശ പര്യവേക്ഷണം എന്ന് സ്ഥാപിക്കുകയായിരുന്നു കാര്‍ട്ടൂണിസ്റ്റിന്റെ ലക്ഷ്യമെന്നും പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിന്റെ ചുമതലയുള്ള ആന്‍ഡ്രൂ റോസന്താള്‍ വ്യക്തമാക്കി. പത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മാപ്പ് പറഞ്ഞിരിക്കുന്നത്.  
 
ഇന്ത്യയെയോ അവിടത്തെ ജനങ്ങളെയോ മോശമാക്കി കാണിക്കാന്‍ കാര്‍ട്ടൂണിസ്റ്റ് ശ്രമിച്ചിട്ടില്ല. അന്താരാഷ്ട്ര തലത്തിലുള്ള  കാര്യങ്ങള്‍ സംബന്ധിച്ച് കാര്‍ട്ടൂണുകള്‍ വരയ്ക്കുമ്പോള്‍ സോങ് അത്തരം ചിത്രങ്ങളും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാല്‍ അത്തരം ചിത്രങ്ങള്‍ ഉപയോഗിച്ചത് വായനക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നതായും പത്രം വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി. 
 
തലപ്പാവ് ധരിച്ച ദരിദ്ര കര്‍ഷകന്‍ തന്റെ പശുവിനൊപ്പം എലൈറ്റ്  സ്‌പേസ് ക്ലബ്ബിന്റെ വാതിലില്‍ മുട്ടുന്നതായിരുന്നു കാര്‍ട്ടൂണ്‍. ക്ളബ്ബിനുള്ളില്‍ ഇരിക്കുന്നവര്‍ അതീവഗൗരവത്തോടെ, ഇന്ത്യ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയിലെത്തിയ വാര്‍ത്ത  വായിക്കുകയാണ്. ഇന്ത്യാക്കാരന്‍ വാതിലില്‍ മുട്ടുന്നതിലുള്ള അതൃപ്തിയും അവര്‍ പ്രകടമാക്കുന്നുണ്ടായിരുന്നു.
 
ഇന്ത്യാക്കാര്‍ പൊതുവെ കര്‍ഷകരാണെന്നും കാലികളെ മേയ്ച്ചു നടക്കുന്നവരാണെന്നുമുള്ള സന്ദേശം കാര്‍ട്ടൂണ്‍ പ്രതിഫലിപ്പിക്കുന്നു എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് വായനക്കാര്‍ക്കിടയില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. കൂടാതെ ന്യൂയോര്‍ക്ക് ടൈംസിന്റെ ഫേസ്ബുക്ക് പേജില്‍ വന്‍ തോതില്‍ മലയാളികള്‍ അസഭ്യവര്‍ഷം തന്നെ ചൊരിഞ്ഞിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍