ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം (33) മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പൊലീസ്. ഭാര്യയും കാമുകനും ചേര്‍ന്ന് സാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സാമിന്റെ ഭാര്യ സോഫിയെയും സുഹൃത്ത് അരുണ്‍ കമലാസനനെയും അടുത്ത ഫെബ്രുവരി വരെ റിമാന്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ സാം എബ്രഹാമിന് നേരേ നേരത്തെയും വധശ്രമമുണ്ടായിരുന്നുവെന്ന് വ്യക്തമായി.