താലിബാനെ തുരത്തി കുന്‍ഡൂസ് നഗരം അഫ്ഗാന്‍ സൈന്യം തിരികെപ്പിടിച്ചു

വ്യാഴം, 1 ഒക്‌ടോബര്‍ 2015 (11:25 IST)
താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്ത തന്ത്രപ്രധാനമായ വടക്കന്‍ പ്രവിശ്യ തത്സ്ഥാനമയ കുന്‍ഡൂസ് നഗരം അഫ്ഗാന്‍ സൈന്യം 24 മണിക്കൂറിനുള്ളില്‍ തിരികെ പിടിച്ചു. പുലര്‍ച്ചെ വരെ നീണ്ടുനിന്ന ശക്തമായ ഏറ്റുമുട്ടലിലാണ് സൈന്യം നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ക്ക് കനത്ത ആള്‍നാശമുണ്ടായി. എന്നാല്‍ സംഭവത്തേപ്പറ്റി താലിബാന്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.

താലിബാന്‍ തീവ്രവാദികള്‍ കീഴടക്കിയ കുന്ധുസ് നഗരം തിരികെ പിടിച്ചതായി അഫ്ഗാന്‍ സൈന്യം ഔദ്യോഗികമായി അവകാശപ്പെട്ടു.  പ്രവിശ്യാ തലസ്ഥാനമായ കുന്ധുസിലെ ഭരണകേന്ദ്രങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതായും സൈനിക വക്താവ് അറിയിച്ചു. ന്ധുസ് നഗരത്തില്‍ അഫ്ഗാന്‍ സൈന്യം റോന്ത് ചുറ്റുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിട്ടുണ്ട്. തീവ്രവാദികള്‍ പിടിച്ചെടുത്ത നഗരം തിരികെ പിടിക്കാനായി ബുധനാഴ്ച രാവിലെയാണ് സൈനിക നടപടി തുടങ്ങിയത്.

2001 നുശേഷം താലിബാന്‍ നിയന്ത്രണത്തിലാക്കിയ ആദ്യ നഗരമായിരുന്നു കുന്ധുസ്. നഗരത്തിലെ ഗവര്‍ണര്‍ കാര്യാലയം, പോലീസ് ആസ്ഥാനം, ഇന്റലിജന്‍സ് കേന്ദ്രം തുടങ്ങിയവയൊക്കെ സൈനിക നിയന്ത്രണത്തിലായെന്ന് കുന്ധുസ് പ്രവിശ്യയുടെ പോലീസ് വക്താവ് സൈദ് സര്‍വാര്‍ ഹുസൈനി ബിബിസിയോട് പറഞ്ഞു.  റോഡുകളില്‍ താലിബാന്‍ ഭീകരരുടെ മൃതദേഹങ്ങള്‍ കിടക്കുന്നതായും അദ്ദേഹം പറഞ്ഞു. നഗരം അഫ്ഗാന്‍ സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് നിയന്ത്രണത്തിലാക്കിയതായി അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക