കത്തോലിക്ക സഭ കടും പിടുത്തങ്ങള്‍ ഉപേക്ഷിക്കുന്നതായി സൂചന

ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (11:01 IST)
ആഗോള കത്തോലിക്ക സഭയില്‍ ദൂരവ്യാപകമായ പരിഷ്കരണങ്ങള്‍ക്ക് ഇടയാക്കുന്ന വിപ്ലവകരമായ വത്തിക്കാന്‍ സിന്‍ഡില്‍ പുരോഗമന പരമായ തീരുമാനങ്ങള്‍ക്ക് അന്തിമരൂപമായതായി റിപ്പോര്‍ട്ടുകള്‍. വിവാഹിതരാകാതെ ഒന്നിച്ചു ജീവിക്കുന്ന ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍, സ്വവര്‍ഗ്ഗ വിവാഹം, വിവാഹ മോചനം, ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ യാഥാസ്ഥികമായ നിലപാടുകളില്‍ നിന്ന് കത്തോലിക്കാ സഭ പിന്നോക്കം പോകുന്നസൂചനകളാണ് സിന്‍ഡില്‍ നിന്ന് പുറത്തുവരുന്നത്.

മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ സഭ അനുകൂല തീരുമാനങ്ങള്‍ എടുത്തേക്കുമെന്നാണ് വാര്‍ത്തകള്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്ഥാനമേറ്റതിനു ശേഷമുള്ള സുപ്രധാന ചുവടുവയ്പ്പായി ഇതിനെ രാജ്യാന്തര നിരീക്ഷകര്‍ കരുതുന്നു. കുടുംബപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സിനഡ് ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇതുവരെ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങല്‍ രേഖയാക്കിയിട്ടുണ്ട്. അടച്ചിട്ട മുറിക്കുള്ളില്‍ നടക്കുന്ന ഈ സമ്മേളനത്തിലെ സുപ്രധാന തീരുമാനങ്ങള്‍ പക്ഷേ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

എന്നാല്‍ അവിവാഹിതരായ ഇണകള്‍ ഒന്നിച്ചു ജീവിക്കുന്നതും സ്വവര്‍ഗ ബന്ധങ്ങളും വിവാഹ മോചനങ്ങളും സ്വാഗതം ചെയ്യേണ്ടതുണ്ടെന്ന് പോപ് ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ നടന്നു വരുന്ന കത്തോലിക്ക സഭയിലെ ബിഷപ്പുമാരുടെ സിനഡില്‍ തീരുമാനം. വിവാഹ മോചനങ്ങളെ എതിര്‍ക്കേണ്ട എന്നും പകരം അത്തരം കുടുംബങ്ങളെ സഹായിക്കുകയാണ് വേണ്ടെതെന്നുമാണ് സിനഡിലുണ്ടായ പൊതുവായ വികാരമെന്ന് സൂചനയുണ്ട്.

ഗേ, ലെസ്‌ബിയന്‍ വിഷയങ്ങള്‍ വത്തിക്കാന്‍ ആദ്യമായി ചര്‍ച്ച ചെയ്യുന്നതും ഈ സിനഡിലാണ്. ഇത്തരക്കാരേ എതിര്‍ക്കേണ്ടതില്ലെന്നും അവര്‍ക്ക് മറ്റുള്ളവരേപ്പോലെ തന്നെ സ്വഭാവ സവിശേഷതകളുണ്ടെന്നുമാണ് സിനഡില്‍ ഉയര്‍ന്ന അഭിപ്രായം. കൃത്രിമ ജനന നിയന്ത്രണ മാര്‍ഗങ്ങളെ എതിര്‍ക്കുന്ന 1968-ലെ പോപിന്റെ കത്ത് പുനര്‍ വായനയ്ക്കു വിധേയമാക്കണമെന്നും ബിഷപുമാര്‍ ആവശ്യപ്പെട്ടു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക