വന്‍ ദുരന്തം വിതച്ച ഭൂചലനത്തെത്തുടര്‍ന്ന് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ടു മൂന്ന് മീറ്റര്‍ തെക്കോട്ട് തെന്നിമാറിയതായി കണ്ടെത്തല്‍. കേംബ്രിഡജ് യൂണിവേഴ്‌സിറ്റിയിലെ ടെക്ടോണിക്‌സ് ഗവേഷക ജെയിംസ് ജാക്‌സണ്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഹിമാലയന്‍ മേഖലയാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് ഭൂമിയുടെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിച്ച പ്രകമ്പനതരംഗങ്ങളുടെ വിവരങ്ങളുപയോഗിച്ച് നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
ഭൂചലനത്തിനെത്തുടര്‍ന്ന് കാഠ്മണ്ഡു ഉള്‍പ്പെടുന്ന മേഖല തെക്കുഭാഗത്തേക്ക് നീങ്ങിയിട്ടുണ്ടെന്നും ഭൂമിയുടെ 15 കിലോമീറ്റര്‍ ഉള്ളിലാണ് ഈ മാറ്റം സംഭവിച്ചതെന്നും ബ്രിട്ടണിലെ ദുര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് അലന്‍ പറയുന്നു. എന്നാല്‍ ഭൂമിക്കടിയിലെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത് എവറസ്റ്റിന് തൊട്ടുതാഴെയല്ലാത്തതിനാല്‍ എവറസ്റ്റിന് സ്ഥാനമാറ്റം സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. യൂറോപ്പും ഏഷ്യയുമടങ്ങുന്ന യൂറേഷ്യന്‍ ഫലകവും വടക്കുഭാഗത്തേക്ക് ചലിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫലകവും സംഗമിക്കുന്ന ഹിമാലയന്‍ മേഖലയില്‍ ചെറുതും വലുതുമായ ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. നേപ്പാളില്‍ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയിരുന്നു. 80 വര്‍ഷത്തിനിടയില്‍ നേപ്പാളിലുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ ഭൂചലനമാണിത്.