പലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിന് വീണ്ടും കളമൊരുക്കിക്കൊണ്ട് തെക്കന്‍ ജറുസലേമിലെ സിനഗോഗിനുനേര്‍ക്ക് പലസ്തീന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കാന്‍ ഇസ്രായേല്‍ തയ്യാറെടുക്കുന്നു. പ്രതിയോഗികളോട് തിരിച്ചടിക്ക് കരുതിയിരിക്കാനും അക്രമികളുടെ വീട് ഇടിച്ചു നിരത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
സിനഗോഗിലെ അക്രമത്തില്‍ അഞ്ച് ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. സായുധരായെത്തിയ രണ്ടുപേരാണ് സിനഗോഗിനുള്ളില്‍ അക്രമം നടത്തിയത്. 30-ഓളം പേരാണ് ആ സമയത്ത് സിനഗോഗിലുണ്ടായിരുന്നത്. സിനഗോഗിനുള്ളിലുണ്ടായിരുന്നവരെ വെടിവച്ചുവീഴ്‌ത്തിയശേഷം വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ആറുവര്‍ഷത്തിനിടെ ജറുസലേമിലുണ്ടായ ഏറ്റവും രൂക്ഷമായ രക്തച്ചൊരിച്ചിലാണ് ചൊവ്വാഴ്ച നടന്നത്.
ഇതോടെ പശ്ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക് നീങ്ങുന്നതായി സൂചനകള്‍ പുറത്തുവന്നു. ഫലസ്തീന്‍ തീവ്ര ഇടതുപക്ഷ സംഘമായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പിഎഫ്എല്‍പി)യാണ് സിനഗോഗില്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ആക്രമണം നടത്തിയവരുടെ കുടുംബം ഇടിച്ചുനിരത്തുമെന്ന് പറഞ്ഞ നെതന്യാഹു, ജറുസലേമിന് നേര്‍ക്കുള്ള യുദ്ധത്തെ ഒരിക്കലും അംഗീകരിക്കുകയില്ലെന്നും ഇസ്രയേല്‍ പോരാട്ടം നടത്തുന്നത് ജറുസലേമിനുവേണ്ടിയാണെന്നും വ്യക്തമാക്കി. ഹമാസിന്റെയും ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെയും പ്രേരണയിലാണ് ആക്രമണമെന്നും ഇത് അന്താരാഷ്ട്രസമൂഹം അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിനഗോഗിനുനേര്‍ക്കുനടന്ന ആക്രമണത്തില്‍ ഇസ്രയേലിലെങ്ങും കനത്ത പ്രതിഷേധം അലയടിക്കുകയാണ്. ജറുസലേമില്‍ പ്രതിഷേധപ്രകടനങ്ങള്‍ പലേടത്തും അക്രമാസക്തമായി. മൂന്ന് ഇസ്രയേലി കൗമാരക്കാരെ തട്ടിക്കൊണ്ടുപോയതുമായി വധിച്ചതുമായി ബന്ധപ്പെട്ടാണ് ഏറ്റവുമൊടുവില്‍ പശ്ചിമേഷ്യയില്‍ സംഘര്‍മുണ്ടായത്. ജൂണിലുണ്ടായ സംഭവത്തെത്തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ 2200-ഓളം പേര്‍ കൊല്ലപ്പെട്ടു. ഗസ്സയിലെ സ്‌കൂളുകളുടെ നേര്‍ക്കുപോലും വ്യോമാക്രമണമുണ്ടായി. ഇപ്പോഴത്തെ സംഭവം ഗാസ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയിലാണ് ലോകം.