ഹമാസിനെതിരേ ഇസ്രയേല്‍ കരയുദ്ധം തുടങ്ങി. ഞായറാഴ്ച ഇസ്രായേല്‍ നാവിക കമാന്‍ഡോകള്‍ വടക്കന്‍ ഗാസയില്‍ ഹമാസ് പോരാളികളുമായി ഏറ്റുമുട്ടി. ആകാശത്തുനിന്ന് വ്യോമസേനയുടെ പിന്തുണയോടെയായിരുന്നു ഇസ്രായേല്‍ ആക്രമണം. ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ നാല് കമാന്‍ഡോകള്‍ക്ക് പരുക്കേറ്റു. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇതുവരെ 170-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച മാത്രം 56 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ആറുദിവസമായി തുടരുന്ന വ്യോമാക്രമണത്തിനിടെ ആദ്യമായാണ് ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് കടക്കുന്നത്. എന്നാല്‍, കരയുദ്ധം തുടങ്ങിയ കാര്യം അവര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 800-ഓളം റോക്കറ്റ് ആക്രണങ്ങള്‍ ഹമാസ് നടത്തിയെങ്കിലും ഇസ്രായേല്‍ ഭാഗത്തുനിന്ന് ആളപായമുണ്ടായിട്ടില്ല. കൊല്ലപ്പെട്ടവരില്‍ 77 ശതമാനവും സാധാരണക്കാരാണെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.
വടക്കന്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ പ്രദേശവാസികളോട് ഇസ്രായേല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കുന്ന ലഘുലേഖയും സൈന്യം വിതരണം ചെയ്തു. ഏറ്റുമുട്ടല്‍ രൂക്ഷമായതിനെത്തുടര്‍ന്ന് ആയിരക്കണക്കിനാളുകളാണ് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യുന്നത്. ഇവര്‍ക്കായി എട്ട് സ്‌കൂളുകള്‍ അഭയാര്‍ഥികാര്യങ്ങളുടെ ചുമതലയുള്ള യുഎന്‍ സമിതി ഒരുക്കിയിട്ടുണ്ട്.