ഇസ്ലാമോഫോബിയ പടരുന്നു.. സിറിയന്‍ അഭയാര്‍ഥികള്‍ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക്
ചൊവ്വ, 17 നവംബര്‍ 2015 (14:53 IST)
ഫ്രാന്‍സിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ ലോകത്ത് ഇസ്ലാമോ ഫോബിയ പ്ടരുന്നു. ആക്രമണത്തിനു പിന്നാലെ സിറിയ്റ്റന്‍ അഭയാര്‍ഥികളോട് കരുണയുടെ കരം നീട്ടിയിരുന്ന യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഇപ്പോള്‍ മുഖം കറുപ്പിച്ചിരിക്കുകയാണ്. ഫ്രാന്‍സില്‍ ആക്രമണം നടത്തിയവരില്‍ അഭയാര്‍ഥികളായി കടന്നുകൂടിയവരുണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ അവസ്ഥ.
ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥിവിരുദ്ധ നടപടികള്‍ ഉയരുന്നുണ്ട്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് അഭയാര്‍ഥികളെ ഇനിയും സ്വീകരിക്കുന്നത് അപകടത്തിലേക്കു നയിക്കുമെന്നാണ് യൂറോപ്യന്‍ രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. സുരക്ഷാ സംവിധാനത്തിന് വെല്ലുവിളി സൃഷ്ടിക്കുമെന്നതിനാല്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് യുഎസിലെ മിക്ക സ്റ്റേറ്റുകളും നിര്‍ത്തിവച്ചു.
അഭയാര്‍ഥികള്‍ക്കെതിരെ പരസ്യമായ നിലപാടുമായി പോളണ്ടും രംഗത്തെത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച കോട്ട ഒഴിവാക്കുകയാണെന്ന് പോളണ്ട് യൂറോപ്യന്‍ സ്ഥാനപതി യൂറോസെപ്റ്റിക് കൊണ്‍റാഡ് പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പോളണ്ടിന് രാഷ്ട്രീയം നോക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ പുനരാലോചന വേണമെന്നാണ് ഫ്രാന്സിലെ ആക്രമണം അര്‍ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഭയാര്‍ത്ഥികളെ സഹായിക്കാന്‍ വേണ്ടതെല്ലാം ചെയ്യണമെണ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയിരുന്നു. സുരക്ഷിതത്വം അന്വേഷിക്കുന്നവരെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം നമ്മുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യണമെന്നായിരുന്നു ഒബാമയുടെ നിലപാട്.
എന്നാല്‍ ഇപ്പോള്‍ സ്‌റ്റേറ്റ് ഗവര്‍ണര്‍മാര്‍ ഒബാമയുടെ നിലപാടിനെതിരെയാണ് രംഗത്തെത്തിയിരിക്കുന്നത്. ടെക്‌സാസ്, അലബാമ തുടങ്ങി പത്തോളം സ്‌റ്റേറ്റുകള്‍ അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ യുഎസ് തലസ്ഥാനമായ വാഷിങ്ടണ്‍ ആക്രമിക്കുമെന്ന ഭീഷണിയുമായി ഐഎസ് വീഡിയോ പുറത്ത് വിട്ടത് പ്രശ്നം രൂക്ഷമാക്കി.