റോമിനെ തകര്‍ക്കാന്‍ കുടിയേറ്റ യുദ്ധതന്ത്രവുമായി ഐ‌എസ്

വ്യാഴം, 19 ഫെബ്രുവരി 2015 (14:33 IST)
ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനമായ റോമിനു നേരെ ഭീകരാക്രമനം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നീക്കാം നടത്തുന്നതായി റിപ്പോര്‍ട്ട്. ലിബിയയില്‍ നിന്ന് എത്തുന്ന അനധികൃത കുടിയേറ്റക്കാരിലൂടെ ഇറ്റലിയില്‍ അതിക്രമണങ്ങളും ആഭ്യന്തരകുഴപ്പങ്ങളും ഉണ്ടാക്കുകയും ഈ വിടവില്‍ റോമിലും സെന്റ് പീറ്റേഴ്സ് ബസലിക്ക ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കലാപബാധിതമാക്കുകയും ചെയ്യുകയാണ് തീവവാദികളുടെ പദ്ധതി. സമാനമയ് രീതിയില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്താനാണ് ഇസ്ലാമിക് സ്റ്റേറ്റ് തയ്യാറെടുക്കുന്നത്.

തീവ്രവാദി സംഘടനകളുടെ ഫോണ്‍ ചോര്‍ത്തി ഇറ്റലിയാണ്‌ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ളത്‌. ഇത്തരത്തില്‍ മാനസികമായി രാജ്യങ്ങളെ തകര്‍ക്കുകയാണ് തീവ്രവാദികളുടെ ലക്ഷ്യം. മാനസീക ആക്രമണം നടത്തുന്നതിനായി ലക്ഷക്കണക്കിന്‌ കുടിയേറ്റക്കാരെ കടലിലൂടെ യൂറോപ്പിലേക്ക്‌ അയയ്‌ക്കാന്‍ ഐഎസ്‌ നീക്കം നടത്തുന്നതായി ഇറ്റലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറുകണക്കിന്‌ ബോട്ടുകളില്‍ അഞ്ചു ലക്ഷത്തോളം പേരെ യൂറോപ്പില്‍ എത്തിച്ച്‌ ലിബിയയില്‍ അവര്‍ക്കെതിരേ പോരാടുന്നത്‌ പോലെ ഉപയോഗിക്കുമെന്നാണ്‌ ഭീഷണി.

ആഭ്യന്തരകലാപം ശക്‌തമായ ലിബിയയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു വിവാദ ഭരണാധികാരി ഗദ്ദാഫിയുടെ ജന്മസ്‌ഥലമായ സിര്‍ത്തില്‍ 21 ഈജിപ്‌ഷ്യന്‍ ക്രിസ്‌ത്യാനികളെ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തട്ടിക്കൊണ്ടുപോയത്. ഇവരെ കൂട്ടത്തോടെ തലവെട്ടികൊന്നത് റോമിനുള്ള മുന്നറിയിപ്പായാണ് ഇറ്റലി കാണുന്നത്. നിലവില്‍ ഇറ്റലിയിലേക്ക് നിരവധി ആളുകള്‍ ലിബിയയില്‍ നിന്ന് അഭയാര്‍ത്ഥികളായി മെഡിറ്ററേനിയന്‍ കടല്‍ കടന്ന് എത്തുന്നുണ്ട്. കടലിലെ കടുത്ത സാഹചര്യങ്ങളെ അതിജീവിച്ച്‌ എത്തുന്നവര്‍ അതാതു രാജ്യത്തില്‍ കലാപമുണ്ടാക്കി സൈന്യത്തിനും സര്‍ക്കാരിനും നിരന്തരം തലവേദന സൃഷ്‌ടിക്കുമെന്നാണ് ഇറ്റലി പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ കടല്‍മാര്‍ഗ്ഗം എത്തിയത്‌ 170,000 കുടിയേറ്റക്കാരായിരുന്നു. ഇവരില്‍ രക്ഷപ്പെട്ടത്‌ വെറും 4,000 പേര്‍ മാത്രമാണ്. എന്നാല്‍ തന്നേയും വന്‍ സുരക്ഷാ നീക്കമാണ് ഇറ്റലി സ്വന്തം രാജ്യത്ത് നടത്തുന്നത്. ഭീകരാക്രമണം ഫലപ്രദമായി ചെറുക്കാന്‍ 4,800 സൈനികരെയാണ് ഇറ്റലി രാജ്യത്തെ തെരുവുകളില്‍ നിയോഗിച്ചിരിക്കുന്നത്. പുതിയ ഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്‌ട്രസമൂഹം മിനിറ്റ്‌ പോലും പാഴാക്കരുതെന്നും ലിബിയയ്‌ക്ക് തന്നെ ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്നും ഇറ്റാലിയന്‍ മന്ത്രി ആഞ്‌ജലിനോ ആല്‍ഫാനോ പാശ്‌ചാത്യ രാജ്യങ്ങളോട്‌ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക