550 കുടുംബങ്ങള്‍ ഐഎസിന്റെ പിടിയില്‍; സൈന്യം രണ്ടും കല്‍പ്പിച്ച് - മൊസൂളില്‍ നടക്കുന്നത് വമ്പന്‍ യുദ്ധം
ശനി, 22 ഒക്‌ടോബര്‍ 2016 (15:05 IST)
ഇറാഖിലെ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) പിടിയിലുള്ള മൊസൂള്‍ നഗരത്തിലേക്ക് ഏതുനിമിഷവും ഇറാഖി സൈന്യം എത്തിച്ചേരുമെന്ന വ്യക്തമായതിനാല്‍ ഭീകരര്‍ സാധാരണക്കാരെ ആക്രമണത്തിനുള്ള മനുഷ്യ കവചമാക്കുന്നതായി ഐക്യരാഷ്ട്രസഭ.
ഇറാഖി സൈന്യം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളെ ആയുധങ്ങളാക്കിയുള്ള യുദ്ധമാണ് മൊസൂളില്‍ നടക്കുന്നത്. സൈന്യത്തിന്റെ ആക്രമത്തില്‍ രക്ഷ നേടുന്നതിനായി 550 ഇറാഖി കുടുംബങ്ങളെ ഐഎസ് പിടികൂടിയതായിട്ടാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ പുറത്തിക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പുറത്തായത്.
40,000ത്തോളം സൈനികരാണ് ഇപ്പോള്‍ യുദ്ധമുഖത്തുള്ളത്. ഇറാഖി കുര്‍ദ് സൈനികരാണ് മൊസൂളിലെ യുദ്ധത്തിന് രംഗത്തിറങ്ങിയിരിക്കുന്നത്. ആക്രമണങ്ങളില്‍ ആള്‍നാശം സംഭവിച്ച ഐഎസിന് ഇനി അയ്യായിരമോ ഏഴായിരമോ പോരാകളെ മാത്രമെ അവശേഷിക്കുന്നുള്ളൂ എന്നാണ് ഇന്റലിജന്‍സ് വിവരങ്ങള്‍.
സൈന്യത്തിന് സഹായകമായി അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള സഖ്യസേനയുമുണ്ട്. മൊസൂള്‍ കേന്ദ്രീകരിച്ച് പോരാട്ടം ശക്തമായതോടെ നഗരത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളെല്ലാം സൈന്യം ഒഴിപ്പിച്ചു കഴിഞ്ഞു. ഗ്രാമവാസികളുടെ ജീവന്‍ രക്ഷിക്കുക മാത്രമല്ല ലക്ഷ്യം, ഐസിസുകാര്‍ നുഴഞ്ഞ് കയറുന്നത് തടയുക കൂടിയാണ്.
പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത ഘട്ടത്തില്‍ രക്ഷപ്പെടാന്‍ വേണ്ടി നഗരത്തില്‍ നിന്ന് പുറത്തേക്ക് ഒരുപാട് തുരങ്കങ്ങള്‍ ഐസിസ് നിര്‍മിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ പരമാവധി നാശനഷ്ടം ഉണ്ടാക്കാന്‍ ചാവേറുകളേയും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.