ഐഎസ് അനുകൂല നിലപാട്; രണ്ട് മലയാളികളേക്കൂടി യുഎഇ നാടുകടത്തി
വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (11:21 IST)
സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂല നിലപാട് സ്വീകരിച്ചതിന് രണ്ട് മലയാളികളെ യുഎഇ നാടുകടത്തി. കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം 29ന് യുഎഇ തിരിച്ചയച്ചത്. ഇവരടക്കം പത്തുപേരടങ്ങുന്ന സംഘം ഫെയ്സ്ബുക്കില്‍ ഐഎസ് ആശയങ്ങളെ പിന്തുണയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായാണ് യുഎഇ അധികൃതര്‍ പറയുന്നത്.
കേരളത്തിൽ നിന്നുൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെത്തി ജോലി ചെയ്യുന്ന ചെറിയൊരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ ഐഎസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരാണെന്നാണ് യുഎഇ ഭരണാധികാരികൾ കണ്ടെത്തിയിരിക്കുന്നത്. ഇവർ കഴിഞ്ഞ കുറച്ചു നാളുകളായി കർശന നിരീക്ഷണത്തിലായിരുന്നു. ഇങ്ങനെ കണ്ടെത്തിയ 10 ഇന്ത്യക്കാരെ ഘട്ടംഘട്ടമായി നാട്ടിലേക്കു മടക്കി അയയ്ക്കാനാണ് അധികൃതരുടെ നീക്കം.
നാടുകടത്തിയവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഐഎസിന്റെ സോഷ്യല്‍ മീഡിയ പ്രമോഷനില്‍ മാത്രമേ സംഘം സജീവമായിരുന്നുള്ളൂവെന്നും ഇറാഖ്, സിറിയ തുടങ്ങിയിടങ്ങളിലെ ഐഎസ് യുദ്ധമുഖത്തേക്ക് പോകാന്‍ ഇവര്‍ തുനിഞ്ഞിരുന്നില്ലെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. ഇവരുടെ ഫേസ്ബുക്ക് പേജ് മാസങ്ങളോളം യുഎഇ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനൊടുവിലാണ് നടപടി.
യുഎഇ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ക്കെതിരേ കേസെടുക്കുകയോ മറ്റ് നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നാടുകടത്തുന്നതിന് മുന്‍പ് ഇവരെ കൗണ്‍സലിങ്ങിന് വിധേയരാക്കിയിരുന്നു. പല വട്ടം ചോദ്യം ചെയ്യലിന് വിധേയരാക്കിയ ശേഷമായിരുന്നു കൗണ്‍സലിങ് നടത്തിയത്.
ഇന്ത്യന്‍ അധികൃതരെ യുഎഇ വിവരം അറിയിച്ചിരുന്നു. നാടുകടത്തപ്പെട്ട മലയാളികള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. തൽക്കാലം ഇവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വേണ്ടായെന്നും കൗൺസിലിങ് നൽകി നാട്ടിലേക്കു മടക്കി അയയ്ക്കാനുമാണ് തീരുമാനം.