ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ചതിന് 19 പെണ്‍കുട്ടികളെ ഐഎസ് ചുട്ടുകൊന്നു

ചൊവ്വ, 7 ജൂണ്‍ 2016 (08:36 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ ക്രൂരത വീണ്ടും. ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ചതിന് 19 യസീദി പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ ജീവനോടെ ചുട്ടെരിച്ചു. മൊസൂളിലെ ഐഎസ് കേന്ദ്രത്തില്‍ ഇരുമ്പ് കൂട്ടിലടച്ചാണ് ഇവരെ തീകൊളുത്തിയത്.

ലൈംഗിക അടിമകളാകാന്‍ ഒരുക്കമല്ലാത്ത പെണ്‍കുട്ടികളെ വന്‍ ജനക്കൂട്ടത്തിനുമുമ്പില്‍ വച്ച് ഇരുമ്പ് കൂട്ടിലടച്ച് തീകൊളുത്തുകയായിരുന്നു. കൊലപാതകം തടയുന്നതിന് കാഴ്ചക്കാരില്‍ ആരും മുന്നോട്ടു വന്നില്ലെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. അറ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.

2014 ഓഗസ്‌റ്റിനുനുശേഷം 3000ല്‍ അധികം യെസീദി പെണ്‍കുട്ടികളെയാണ് ഐഎസ് ഭീകരര്‍ ലൈംഗിക  അടിമകളാക്കുന്നതിനായി തട്ടിക്കൊണ്ടു പോയത്. ഇതേതുടര്‍ന്ന് 40,000ല്‍ അധികം പേര്‍ ഇറാഖിലെ എറബില്‍, ദുഹോക്ക് മേഖലയില്‍നിന്നു പലായനം ചെയ്തിരുന്നു.

ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും 1800ല്‍ അധികം വരുന്ന യസീദി പെണ്‍കുട്ടികളേയും ഭീകരര്‍ തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കിയിട്ടുണ്ട്. ലൈംഗിക അടിമകളെ വിറ്റ് ഭീകരര്‍ ഭീകരവാദത്തിനുള്ള പണം കണ്ടെത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2014ൽ നടന്ന ആക്രമണത്തിൽ ഐസിസ് ഇറാഖി നഗരമായ മൊസൂൾ കീഴടക്കുകയും സ്വയം പ്രഖ്യാപിത ഖലീഫാ ഭരണത്തിന്റെ തലസ്ഥാനമാക്കി മാറ്റുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക