ഐഎസ് ജയിലാക്രമിച്ചു; 50 തടവുകാരും 12 പൊലീസുകാരും കൊല്ലപ്പെട്ടു

ഞായര്‍, 10 മെയ് 2015 (12:30 IST)
ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന് സമീപം അൽ ഖാലിസ് ജയിലിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരർ ആക്രമണം അഴിച്ചുവിട്ടു. സ്ഫോടക വസ്തുക്കളുമായി ജയിലിലേക്ക് അതിക്രമിച്ചു കയറിയ ഭീകരർ അമ്പതോളം തടവുകാരെയും പന്ത്രണ്ടോളം പൊലീസുകാരെയും കൊലപ്പെടുത്തി. ബഗ്ദാദിന് വടക്ക് 80 കിലോമീറ്റർ അകലെയുള്ള ജയിലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.

നൂറു കണക്കിന് ഭീകര പ്രവർത്തകരെ പാർപ്പിച്ചിട്ടുള്ള ജയിലില്‍ പ്രത്യേകമായി പാര്‍പ്പിച്ചിരുന്ന മുപ്പതോളം വരുന്ന ഐഎസ് ഭീകരരെ രക്ഷപ്പെടുത്തുന്നതിനായി ജയിലില്‍ മനപ്പൂര്‍വ്വം കലാപം രൂപപ്പെടുത്തുകയായിരുന്നു. ജയിലിലെ പ്രതികള്‍ തമ്മില്‍ സംഘര്‍ഷം തുടങ്ങിയതോടെ സ്ഫോടക വസ്തുക്കളുമായി ജയിലിലേക്ക് അതിക്രമിച്ചു കയറിയ ഭീകരർ സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തടവുകാരെ തുറന്നു വിടുകയുമായിരുന്നു.

തടവറകളിൽ നിന്നും പുറത്തിറങ്ങിയ തടവുകാര്‍ പൊലീസുകാരെ ആക്രമിച്ച് ജയിലിലെ ആയുധപ്പുര പിടിച്ചെടുക്കുകയും ആയുധങ്ങളുമായി കടക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസും തടവുകാരും തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് തടവുകാരും പൊലീസുകാരും കൊല്ലപ്പെട്ടത്. അധികാരികൾ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. ജയിലിൽ നിന്നും രക്ഷപ്പെട്ട തടവുകാർ ഒളിച്ചു താമസിക്കുന്നുവെന്ന സംശയത്തെ തുടർന്ന് സമീപത്തെ വീടുകളിൽ പൊലീസ് തിരച്ചിൽ നടത്തി. അതിനിടെ ഇന്നലെ ബഗ്ദാദിന് സമീപമുണ്ടായ കാർബോംബ് സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക