വീണ്ടും ഐ‌എസ് ഭീകരരുടെ മനുഷ്യക്കുരുതി: അമേരിക്കന്‍ സന്നദ്ധപ്രവര്‍ത്തകനെ വധിച്ചു

തിങ്കള്‍, 17 നവം‌ബര്‍ 2014 (08:35 IST)
വീണ്ടും ഐ‌എസ് ഭീകരരുടെ മനുഷ്യക്കുരുതി. സിറിയയില്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ സന്നദ്ധപ്രവര്‍ത്തകന്‍ പീറ്റര്‍ കാസിഗിനെ ഐ‌എസ് ഭീകരരെ വധിച്ചു‍. കാസിഗിന്റെ തലയറുക്കുന്ന വീഡിയോയില്‍ സിറിയന്‍ സൈനികര്‍ എന്നുപറയുന്ന 18 പേരുടെ തല വെട്ടിമാറ്റുന്ന ദൃശ്യവുമുണ്ട്‌.
 
26 വയസുകാരനായ കാസിഗ്‌ യുഎസിലെ ഇന്ത്യാനയില്‍ നിന്നുള്ളയാളാണ്‌. മുന്‍ അമേരിക്കന്‍ സൈനികനായ കാസിഗ്‌, സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ പരുക്കേറ്റവര്‍ക്കു ചികിത്സനല്‍കുന്നതിനുള്ള സഹായിയായാണ്‌ ഇവിടെയെത്തിയത്‌.
 
സിറിയയിലെ ഡെയ്‌ര്‍ എസോര്‍ പ്രവിശ്യയില്‍നിന്ന്‌ 2013ലാണു കാസിഗിനെ തട്ടിക്കൊണ്ടുപോയത്‌. സിറിയന്‍ ഓഫീസര്‍മാരും പൈലറ്റുമാരും എന്നുകരുതുന്ന 18 പേരെ മാര്‍ച്ച്‌ ചെയ്യിക്കുന്ന ദൃശ്യങ്ങളാണ്‌ വീഡിയോയുടെ തുടക്കത്തിലുള്ളത്‌. ഇവര്‍ നീളമുള്ള സൈനിക കത്തികള്‍ കടന്നുപോകുമ്പോള്‍ ഓരോന്നുവീതമെടുക്കുന്ന ഐസിസ്‌ ഭീകരര്‍ ബന്ദികളോടു മുട്ടുകുത്താന്‍ ആവശ്യപ്പെട്ടശേഷം തലവെട്ടിക്കളയുന്നതാണു ദൃശ്യങ്ങളിലുള്ളത്‌.
 
ഐഎസിന്റെ ക്രൂരതയുടെ പരമ്പരകളില്‍ ഏറ്റവും ഒടുവിലത്തേതാണു വീഡിയോ. രണ്ട്‌ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരേയും രണ്ട്‌ ബ്രിട്ടീഷ്‌ തൊഴിലാളികളേയും വധിക്കുന്ന വീഡിയോകള്‍ ഐ‌എസ് മുമ്പു പുറത്തുവിട്ടിരുന്നു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക