ബെയ്റൂട്ടില്‍ ഇരട്ട ചാവേര്‍ ആക്രമണം; 43 മരണം, 240പേര്‍ക്ക് പരുക്ക്

വെള്ളി, 13 നവം‌ബര്‍ 2015 (08:58 IST)
ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ (ഐഎസ്) നടത്തിയ ഇരട്ട ചാവേര്‍ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. സ്ഫോടനത്തില്‍ 240 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച വൈകിട്ടാണ് ബെയ്റൂട്ടിലെ തെക്കന്‍ പ്രദേശമായ ബുര്‍ജ് അല്‍ ബറാജ്നെഹിലാണ് സ്ഫോടനമുണ്ടായത്. ഷിയ പള്ളിയിലും ഷോപ്പിംഗ് മാളിലുമാണ് ആക്രമണം ഉണ്ടായത്. ശരീരത്തില്‍ ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ മൂന്നു ചാവേറുകളില്‍ രണ്ടു പേര്‍ ജനങ്ങള്‍ക്കിടയില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഒരാള്‍ സ്‌ഫോടനത്തില്‍ മരിക്കുകയും ചെയ്‌തു. ലെബനനില്‍ കാല്‍ നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ സ്ഫോടനമാണ് വ്യാഴാഴ്ച വൈകിട്ട് ആറിന് ഉണ്ടായത്.

സ്‌ഫോടനം ഉണ്ടായ പ്രദേശങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തി. കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഐഎസ് ആക്രമങ്ങളെ ചെറുക്കാന്‍ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക