ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകടത്തില്‍; ക്രിസ്ത്യന്‍, മുസ്ലിം, സിഖ് വിഭാഗങ്ങള്‍ ഹിന്ദുത്വവാദികളാല്‍ ആക്രമിക്കപ്പെടുകയാണെന്ന് യുഎസ് റിപ്പോര്‍ട്ട്
ബുധന്‍, 4 മെയ് 2016 (10:04 IST)
ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകടത്തിലാണെന്ന് യുഎസ് കമീഷന്‍ ഫോര്‍ ഇന്‍റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡം.
മതസഹിഷ്‌ണുത ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയിലെ ഭരണനേതാക്കളെ പേരു പറഞ്ഞാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ കീഴിലുള്ള സംഘടന തയാറാക്കിയ 2015ലെ റിപ്പോര്‍ട്ടിലാണ് ഈ കാര്യമുള്ളത്.
ഇന്ത്യയിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ രാജ്യത്തെ ക്രിസ്ത്യന്‍, മുസ്ലിം, സിഖ് വിഭാഗങ്ങള്‍ ഹിന്ദുത്വവാദികളാല്‍ ആക്രമിക്കപ്പെടുകയാണെന്നും ഇവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഏറി വരുകയാണെന്നും വ്യക്തമാക്കുന്നുണ്ട്. കൂടാതെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണസംഭവങ്ങളും അക്കമിട്ട് വിവരിക്കുന്നുണ്ട്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള നിയമം ഇന്ത്യയിലുണ്ടെങ്കിലും അത് പലപ്പോഴും ഏകപക്ഷീയമാകുന്നു. ഹിന്ദുക്കളെ മറ്റ് മതങ്ങള്‍ മതപരിവര്‍ത്തന് ഇരയാക്കുമ്പോള്‍ മാത്രമാണ് ഈ നിയമങ്ങള്‍ പാലിക്കാറുള്ളത്. ഹിന്ദു സംഘടനകള്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദു നേതാക്കള്‍ നടത്തുന്ന പ്രസ്‌താവനകളും എടുത്തു പറയുന്നുണ്ട്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, പാര്‍ട്ടി നേതാക്കളായ യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ് തുടങ്ങിയവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഇവര്‍ മറ്റ് മതങ്ങള്‍ക്കെതിരെ പ്രസ്‌താവനകളും നീക്കങ്ങളും നടത്തുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഇന്ത്യയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു.