സ്വർണക്കടത്ത് കേസ്: ഫൈസൽ ഫരീദിനെതിരെ ഇന്റർപോളിന്റെ ലുക്കൗട്ട് നോട്ടീസ്

ശനി, 18 ജൂലൈ 2020 (09:28 IST)
നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ. ഇന്ത്യയുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് ഇന്റർപോ:ൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഏത് വിമാനത്താവളം വഴി കടക്കാൻ ശ്രമിച്ചാലും ഫൈസൽ ഫരീദ് പിടിയ്ക്കപ്പെടും. നേരത്തെ ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
 
യുഎഇ ഫൈസല്‍ ഫരീദിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഉടന്‍ തന്നെ ഫൈസല്‍ ഫരീദിനെ പിടികൂടി ഇന്ത്യയില്‍ എത്തിക്കുമെന്നാണ് വിവരം. അതേസമയം ഫൈസല്‍ ഫരീദ് യുഎഇയിലെ താമസ സ്ഥലത്ത് നിന്ന് കടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്വര്‍ണ്ണകടത്ത് കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. നയതന്ത്ര ബാഗേജ് എന്ന പേരില്‍ യുഎഇയിൽനിന്നും സ്വര്‍ണ്ണം അയച്ചത് ഫൈസല്‍ ഫരീദ് ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
 
ഫൈസല്‍ ഫരീദിന്റെ തൃശ്ശൂര്‍ കയ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. നാല് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ നിര്‍ണ്ണായക രേഖകള്‍ കണ്ടെത്തിയെന്നാണ് വിവരം. ഫൈസലിന്റെ വീട്ടില്‍ നിന്ന് മൂന്ന് ബാങ്ക് പാസ്ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍