ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ ജെറ്റ് യുദ്ധവിമാനങ്ങള്‍ വാങ്ങും

Webdunia
ശനി, 11 ഏപ്രില്‍ 2015 (08:54 IST)
ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ ജെറ്റ് യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ത്രിരാഷ്ട്ര യൂറോപ്യന്‍ പര്യടനത്തിന്‍െറ ഭാഗമായി ഫ്രാന്‍സിലെത്തിയ അദ്ദേഹം ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡുമായി നടത്തിയ ചര്‍ച്ചക്കുശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുദ്ധവിമാന കരാര്‍ ഉള്‍പ്പെടെ 17 കരാറുകള്‍ ചര്‍ച്ചക്കുശേഷം ഇരുരാജ്യങ്ങളും ഒപ്പിട്ടു. ചര്‍ച്ചയില്‍ മഹാരാഷ്ട്രയിലെ ജയ്താര്‍പൂര്‍ ആണവനിലയത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവാനും തീരുമാനമായി.

മൂന്നുവര്‍ഷമായി ചര്‍ച്ചകളില്‍ കുടുങ്ങിക്കിടന്ന റാഫേല്‍ യുദ്ധവിമാന പദ്ധതിയില്‍ ഇതോടെ നിര്‍ണായക പുരോഗതിയാണുണ്ടായത്. 1200 കോടി ഡോളറിന് 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനായിരുന്നു പദ്ധതി. ഇതില്‍ ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് നിര്‍മിക്കുന്ന 108 വിമാനങ്ങള്‍ക്ക് ഗാരന്‍റി നല്‍കാന്‍ ദസാള്‍ട്ട് ഏവിയേഷന്‍ കമ്പനി തയാറാകാതിരുന്നതും ചെലവു വര്‍ധിക്കുന്നതും സംബന്ധിച്ച തര്‍ക്കമായിരുന്നു പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് തടസ്സമായിരുന്നത്. എന്നാല്‍, വ്യോമസേനയുടെ അടിയന്തര ആവശ്യം പരിഗണിച്ച് സര്‍ക്കാറുകള്‍ തമ്മിലുള്ള ഇടപാടെന്ന നിലയില്‍ പറക്കാന്‍ തയാറായ 36 വിമാനങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് മോഡി പറഞ്ഞു.

ജയ്താപൂര്‍ പദ്ധതിയില്‍ പ്രാദേശികമായ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തി ചെലവുകുറച്ച് ഊര്‍ജഉല്‍പാദന ചെലവു കുറക്കാനാണ് ഫ്രഞ്ച് കമ്പനിയായ അരീവയും ഇന്ത്യയിലെ എല്‍ ആന്‍ഡ് ടിയും ധാരണയായത്. ആറു ന്യൂക്ളിയര്‍ റിയാക്ടറുകളിലായി 10,000 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെനിന്ന് ഉല്‍പാദിപ്പിക്കുക. അതേസമയം ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു ഫ്രാന്‍സിന്റെ പ്രതികരണം. 200 കോടി യൂറോയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്ന് പറഞ്ഞ് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യ ര്‍മ്മിക്കാനുദ്ദേശിക്കുന്ന  സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മാണത്തിനും ഡല്‍ഹി-ചണ്ഡിഗഢ് അതിവേഗ റെയില്‍പാത നിര്‍മാണത്തിനും സഹായം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യ-ഫ്രഞ്ച് സഹകരണത്തിന്‍െറ 50 വര്‍ഷങ്ങളുടെ സ്മരണക്കായി സ്റ്റാമ്പുകളും ഇരുവരുംചേര്‍ന്ന് പുറത്തിറക്കി.  ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കായി 48 മണിക്കൂറില്‍ വിസ പദ്ധതിയും ഫ്രാന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.  വിലമതിക്കാനാവാത്ത സുഹൃത്തെന്ന് ഫ്രാന്‍സിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയും ഫ്രാന്‍സും സഹകരിക്കാത്ത ഒരുമേഖലയുമില്ലെന്നും വ്യക്തമാക്കി. യു എന്‍ രക്ഷാസമിതി അംഗത്വ വിഷയത്തിലും മേക് ഇന്‍ ഇന്ത്യ പദ്ധതിയിലുമുള്‍പ്പെടെ ഫ്രാന്‍സ് നല്‍കുന്ന പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു.