ചൈനീസ് പാവ സര്‍ക്കാരിന് അന്ത്യ ശാസനം; ഹോങ്കോംഗില്‍ പ്രക്ഷോഭം കടുത്തു
വ്യാഴം, 2 ഒക്‌ടോബര്‍ 2014 (10:43 IST)
ജനാധിപത്യത്തിനായി പ്രക്ഷോഭം നടത്തുന്ന ഹോങ്കൊംഗിലേ പ്രക്ഷോഭകാരികള്‍ ചൈനീസ് നിയന്ത്രിത ഭരണകൂടത്തിന് അന്ത്യ ശാസനം നല്‍കി. ഇന്ന് അര്‍ധരാത്രിക്കു മുമ്പ് സ്ഥനമൊഴിയാനാണ് പ്രക്ഷോഭകാരികള്‍ നഗരത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ല്യൂങ് ചിന്‍ യുങ്ങിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനുസരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൈയ്യേരുമെന്നും പ്രക്ഷോഭകാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നഗരത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ല്യൂങ് ചിന്‍ യുങ് രാജിവയ്ക്കുക, ഈ പദവിയിലേക്കു തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുള്ളവരെ ചൈനീസ് സര്‍ക്കാര്‍ നിശ്ചയിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭകര്‍ പ്രധാനമായും ഉന്നയിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്ന ല്യൂങ്ങിന്റെ ആവശ്യം പ്രക്ഷോഭ നേതാക്കള്‍ തള്ളി.
ബ്രിട്ടന്‍ 1997ല്‍ ചൈനയ്ക്കു കൈമാറിയ ഹോങ്കോങ്ങിനു പരിമിത സ്വാതന്ത്യം മാത്രമാണു നല്‍കിയിരിക്കുന്നത്. 2017ല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ പദവിയിലേക്കു പുതിയ തിരഞ്ഞെടുപ്പു നടക്കും. ചൈനീസ് നേതൃത്വം നിശ്ചയിക്കുന്ന രണ്ടോ മൂന്നോ പേര്‍ക്കു മാത്രമാണു മത്സരിക്കാന്‍ അനുവാദം. ഇത് അംഗീകരിക്കാനാകില്ലെന്നാണു പ്രക്ഷോഭകരുടെ നിലപാട്.
അതേസമയം ഹോങ് കോംഗിലെ ജനാധിപത്യ പ്രക്ഷോഭം ശക്തമായി നേരിടുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. പ്രക്ഷോഭകാരികളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വാങ് യി ചൈനയുടെ നിലപാട് വ്യക്തമാക്കിയത്.
ഹോങ്കോംഗ് ജനതയ്ക്ക് പ്രായപൂര്‍ത്തി വോട്ടവകാശം അനുവദിക്കണമെന്നതാണ് അമേരിക്കയുടെ നിലപാടെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. എന്നാല്‍ ഹോങ്കോങ്ങിലേത് ചൈനയുടെ ആഭ്യന്തരപ്രശ്നമാണെന്നും മറ്റുരാജ്യങ്ങള്‍ ഇടപെടരുതെന്നും വാങ് യി മറുപടി നല്‍കി. ചൈനയുടെ പരമാധികാരത്തെ എല്ലാവരും മാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.