ഇനി തലയും മാറ്റിവയ്ക്കാം, രണ്ടുവര്‍ഷത്തിനകം..!

വെള്ളി, 27 ഫെബ്രുവരി 2015 (12:41 IST)
ശരീരം തളര്‍ന്ന് ശിഷ്ടജീവിതം തള്ളിനീക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ അത്തരക്കാര്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്ന വമ്പന്‍ ആശയവുമായി ഇറ്റലിയില്‍ നിന്ന് ഒരു ഡോക്ടര്‍ രംഗത്തെത്തി. അവയവ മാറ്റം നടത്തുന്നതുപോലെ തല മാറ്റിവയ്ക്കാമെന്ന ഭ്രാന്തന്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത് ഇറ്റലിക്കാരനായ ഡോക്ടര്‍ സെര്‍ജിയോ കാനവെരോ ആണ്. കടുത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുടെ തല ആരോഗ്യമുള്ളവരുടെ ശരീരത്തില്‍ തുന്നിച്ചേര്‍ക്കാനാകുമെന്നാണ് ഈ ഡോക്ടറുടെ അവകാശവാദം. ഇതിലൂടെ ഇവര്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനാകുമെന്നും ഇയാള്‍ അവകാശപ്പെടുന്നു.
 
സംഭവം യാഥാര്‍ത്ഥ്യമായാല്‍ അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ ശരീരത്തില്‍ ജീവിതം തളര്‍ന്ന് കിടപ്പിലായവരുടെ തല തുന്നിച്ചേര്‍ക്കാമെന്നാണ് സെര്‍ജിയോയുടെ ആശയം.  രണ്ടുവര്‍ഷത്തിനകം ഇത്തരത്തില്‍ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാവുമെന്നാണ് ഇദ്ദേഹം പറയുന്നു. തല മാറ്റിവയ്‌ക്കേണ്ട ആളിനും തല ദാനം ചെയ്യുന്ന ആളിനും ഒരേ സമയം ശസ്ത്രക്രിയ ചെയ്യുന്നതിലൂടെയെ ഇത് വിജയകരമാകൂ എന്നും സെര്‍ജിയോ പറയുന്നു. 
 
എന്നാല്‍ ഇക്കാര്യത്തില്‍ സാധാരണക്കാര്‍ക്ക് പ്രതീക്ഷിക്കാനൊന്നുമുണ്ടാകില്ല. കാരണം  സെര്‍ജിയോയുടെ ആശയം നടപ്പിലാക്കാന്‍  7.5 മില്യന്‍ പൗണ്ടാണ് ചെലവാകുക. ഇത് നിലവിലെ സാങ്കേതിക വിദ്യ അനുസരിച്ചാണ്. എന്ത് പ്രതിഷേധം ഉണ്ടായാലും 2017ല്‍ ലണ്ടനില്‍ വച്ച് ആദ്യത്തെ തല മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തുമെന്നാണ് സെര്‍ജിയോ പറഞ്ഞിരിക്കുന്നത്. തന്റെ ആശയം നടപ്പിലായാല്‍ പ്രശസ്ത ഭൗതികശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സ്, പ്രശസ്ത അമേരിക്കന്‍ നടന്‍ ക്രിസ്റ്റഫര്‍ റീവ് തുടങ്ങിയവരെ പോലെ ശരീരം തളര്‍ന്നവര്‍ക്ക് ആരോഗ്യമുള്ളവരുടെ ശരീരത്തിലേക്ക് തല മാറ്റി വച്ച് സാധാരണ ജീവിതം നയിക്കാനാകുമെന്ന് സെര്‍ജിയോ അവകാശപ്പെടുന്നു.
 
എന്നാല്‍ സെജിയോയുടെ ആശയത്തെ ഇപ്പോഴെ വൈദ്യശാസ്ത്റ്റ്ര രംഗം തള്ളിക്കളഞ്ഞിട്ടുണ്ട്. നടപ്പാക്കാനാകത്ത മഹത്തായ ആശയം എന്നാണ് പലരും സെര്‍ജിയോയുടെ അവകാശത്തെ പുഛിച്ചിരിക്കുന്നത്. ഇത് ഒരിക്കലും യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ലെന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള മറ്റ് പ്രമുഖരുടെ നിലപാട്. മസ്തിഷ്‌ക മരണം സംഭവിച്ചയാളെ ബന്ധുക്കളുടെ സമ്മതത്തോടെ മരണത്തിന് വിട്ടുകൊടുക്കുകയും അദ്ദേഹത്തിന്റെ ശരീരവും മറ്റൊരാളുടെ തലയുമായി മറ്റൊരു വ്യക്തി ശിഷ്ടകാലം ജീവിക്കുമെന്ന സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കാണാന്‍ കഴിയുന്ന ഭ്രാന്തന്‍ ആശയമാണ് സെര്‍ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക