ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ്‌ മാധ്യമപ്രവര്‍ത്തകന്‍ ശിശുപീഡനക്കേസില്‍ കുടുങ്ങി

വ്യാഴം, 12 നവം‌ബര്‍ 2015 (14:19 IST)
ശിശുപീഡന വിരുദ്ധഗ്രൂപ്പ്‌ നടത്തിയ സ്‌റ്റിംഗ്‌ ഓപ്പറേഷനില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ്‌ മാധ്യമപ്രവര്‍ത്തകന്‍ കുടുങ്ങി. ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കോളം എഴുതിക്കൊണ്ടിരിക്കുന്ന ഹസന്‍ സുരൂരാണ്‌ കുടുങ്ങിയത്‌. 14 കാരിയായ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിനു ശ്രമിച്ചു എന്ന കുറ്റമാണ് ഹസനെതിരെ ചുമത്തിയിരിക്കുന്നത്.

യുകെയിലും യുഎസിലും ശിശുപീഡനവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവരെ കുടുക്കുന്ന അണ്‍നോണ്‍ ടിവി എന്ന ഗ്രൂപ്പാണ്‌ ഹസനെ കുടുക്കിയത്. സാമൂഹ്യസൈറ്റില്‍ 14 കാരിയെന്ന വ്യാജേനെ ഇവര്‍ നല്‍കിയ പ്രൊഫൈലുമായി ഹസന്‍ ചങ്ങാത്തം കൂടുകയും അശ്‌ളീല സന്ദേശം അയയ്‌ക്കുകയും ലൈംഗികത ലക്ഷ്യമിട്ട്‌ പെണ്‍കുട്ടിയെ കാണാനായി പോകുകയും ചെയ്‌തതായിട്ടാണ്‌ ആരോപണം.

ഇതുമായി ബന്ധപ്പെട്ട് ഹസന്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ പോകുന്നതിന്റെ വീഡിയോ ഇവര്‍ പുറത്തുവിടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ യു‌കെ പൊലീസ് ഹസനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നവംബര്‍ 9 ന്‌ ചെല്‍സിയിലെ കിംഗ്‌സ്റ്റണിലെ സ്‌ളോവന്‍ അവന്യൂവില്‍ വെച്ചാണ് 65കാരനായ ഹസന്‍ അറസ്റ്റിലാകുന്നത്.

മൈനറാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ തന്നെ പെണ്‍കുട്ടിയുമായി ലൈംഗികത ലക്ഷ്യമിട്ടുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും പെണ്‍കുട്ടിയെ കാണുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തു എന്നതാണ് ഹസനെതിരെയുള്ള കുറ്റം. അണ്‍നോണ്‍ ടി വി നടത്തിയ മൂന്ന്‌ ദിവസത്തോളം നീണ്ട പ്രവര്‍ത്തനങ്ങളിലാണ്‌ സ്‌റ്റിംഗ്‌ ഓപ്പറേഷനിലൂടെ ഹസനെ കുടുക്കാനായത്‌.

വെബ്ദുനിയ വായിക്കുക