ഗ്വാട്ടിമാല മണ്ണിടിച്ചിലില്‍ മരണം 131; നൂറുകണക്കിന് ആളുകളെ കാണ്മാനില്ല

തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (08:16 IST)
അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 131. നൂറുകണക്കിന് ആളുകളെയാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായിരിക്കുന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
 
സ്ത്രീകളും കുട്ടികളും പിഞ്ചുകുഞ്ഞുങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ശക്തമായ മഴയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് സാന്‍റ കാതറിന പിനുല മുന്‍സിപ്പാലിറ്റിയിലെ എല്‍ കാംബ്രേ ഗ്രാമത്തില്‍ മണ്ണിടിച്ചിലുണ്ടായത്. മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകള്‍ തകര്‍ന്നു. 
 
ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് സ്ഥലത്തെത്തിയിരിക്കുന്നത്. ഇതിനു മുമ്പ് 2005ല്‍ രാജ്യത്തുണ്ടായ കനത്ത മഴയിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും പനബജ് എന്ന ഗ്രാമം തന്നെ മൂടി പോയിരുന്നു. നൂറുകണക്കിന് ആളുകള്‍ ആയിരുന്നു അന്ന് കൊല്ലപ്പെട്ടത്. പലരുടെയും മൃതദേഹങ്ങള്‍ ഇതുവരെയും കണ്ടെടുത്തിട്ടുമില്ല.

വെബ്ദുനിയ വായിക്കുക