ലോകത്തിലെ ആദ്യ ഇലക്‌ട്രിക് ട്രാഫിക് ലൈറ്റിന് ഗൂഗിളിന്റെ ആദരം

ബുധന്‍, 5 ഓഗസ്റ്റ് 2015 (11:29 IST)
ലോകത്തിലെ ആദ്യ ഇലക്‌ട്രിക് ട്രാഫിക് ലൈറ്റിന് ഗൂഗിളിന്റെ ആദരം. ലോകത്ത് ആദ്യമായി ട്രാഫിക് ലൈറ്റ് നിലവില്‍ വന്നിട്ട് 101 വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ആദരവുമായി ഗൂഗിള്‍, ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്.
 
ഗൂഗിളിന്റെ ഹോം പേജില്‍ ആനിമേഷന്‍ ഡൂഡിലാണ് ഒരുക്കിയിരിക്കുന്നത്. ഗൂഗിളിലെ ഓരോ അക്ഷരവും ഒരു കാറിന്റെ രൂപത്തില്‍ ട്രാഫിക് സിഗ്‌നലില്‍ എത്തുന്നു. പച്ചയും ചുവപ്പും സിഗ്‌നലുകള്‍ അനുസരിച്ച് കാറുകള്‍ പോകുകയും നില്‍ക്കുകയും ചെയ്യുന്നു. ഈ വിധത്തിലാണ് ആനിമേഷന്‍ ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്.
 
1914 ഓഗസ്റ്റ് അഞ്ചിന് ഒഹിയോയില്‍ ആയിരുന്നു ആദ്യത്തെ ഇലക്‌ട്രിക് ട്രാഫിക് ലൈറ്റ് സ്ഥാപിച്ചത്. ഈസ്റ്റ് 105ത് സ്ട്രീറ്റിലും യൂക്ലിഡ് അവന്യൂവിലുമാണ് ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചത്. 
 
അമേരിക്കന്‍ പൊലീസുകാരന്‍ ലെസ്റ്റര്‍ വെയറാണ് ആദ്യ ഇലക്‌ട്രിക് ട്രാഫിക് സിഗ്‌നല്‍ വികസിപ്പിച്ചെടുത്തത്. 1912ലാണ് ആദ്യ ഇലക്‌ട്രിക് ട്രാഫിക് സിഗ്‌നല്‍ വികസിപ്പിച്ചെടുത്തത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ യു കെയില്‍ ഗ്യാസ് ലൈറ്റ് ട്രാഫിക് സിഗ്‌നല്‍സ് ഉപയോഗിക്കാന്‍ ആരംഭിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക