ഗാസയില്‍ ഇസ്രായേല്‍ നരവേട്ട; മരണം 50 കവിഞ്ഞു

വ്യാഴം, 10 ജൂലൈ 2014 (08:37 IST)
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 50 കവിഞ്ഞു. രണ്ടു ദിവസമായി തുടരുന്ന അക്രമണത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പടെ 53 പേര്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം.
 
മൂന്നാഴ്ച മുമ്പ് ജൂത വംശജരായ മൂന്നു വിദ്യാര്‍ത്ഥികളെ വെസ്റ്റ് ബാങ്കില്‍ നിന്നു കാണാതാകുകയും പിന്നീട് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് ഒരിടവേളയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണത്തിനു മുതിരുന്നത്.
 
ഹമാസിന്റെ 550 ശക്തി കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയതായി ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യോമാക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തില്‍ 340 പേര്‍ക്ക് പരുക്കേറ്റിട്ടുള്ളതായും ഗാസയിലെ ആശുപത്രി അധികൃതരേ ഉന്നയിച്ച് മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യുന്നു.
 
അതേ സംയം ഇസ്രായേല്‍ കരയാക്രമണത്തിനു മുതിരുന്നതായും വാര്‍ത്തകളുണ്ട്. തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ ആകെ 40,000 സൈനികരെ ഇസ്രായേല്‍ സജ്ജരാക്കി വിന്യസിച്ചുണ്ട്. കൂടാതെ യുദ്ധത്തിനായി കവചിത വാഹനങ്ങളിം അതിര്‍ത്തിയിലേക്ക് നീങ്ങിയതായും വാര്‍ത്തകളുണ്ട്. 
 
2012നു ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഗാസയില്‍ ഇത്ര രൂക്ഷമായ ആക്രമണത്തിന് മുതിരുന്നത്.  അതിരൂക്ഷമായ വ്യോമാക്രണത്തിന് മുതിരുന്നത്. ഗാസയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്നും ഹമാസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക