ഭക്ഷണം കഴിച്ച ആള്‍ മരിച്ചു, ഇന്ത്യന്‍ റസ്റ്റോറന്‍റ് ഉടമ ജയിലില്‍

വ്യാഴം, 26 മാര്‍ച്ച് 2015 (16:20 IST)
യുകെയിലെ ഇന്ത്യന്‍ റെസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് റസ്റ്റോറന്‍റ് ഉടമയെ അറസ്റ്റ് ചെയ്തു. 25 വര്‍ഷത്തിലേറെയായി നോര്‍ത്ത് യോര്‍ക്ക്ഷെയറിലും യോര്‍ക്കിലുമായി നിരവധി റസ്റ്റോറന്റുകള്‍ നടത്തി വന്നിരുന്ന മൊഹമ്മദ് ഖാലിഖ് സമാൻ(52)​ ആണ് അറസ്റ്റിലായത്. സമാനെതിരെ ശ്രദ്ധക്കുറവിനെ തുടര്‍ന്നുള്ള മനഃപൂര്‍വ്വമല്ലാതെയുളള വധശിക്ഷയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

‘ദ ഇന്ത്യന്‍ ഗാര്‍ഡന്‍’ എന്ന റെസ്റ്റോറന്‍റില്‍ നിന്ന് നിലക്കടല ചേര്‍ത്ത കറി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ്  2014 ജനുവരിയില്‍ പോള്‍ വില്‍സണ്‍ എന്ന ആള്‍ മരിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. നിലക്കടല കഴിച്ചതില്‍ നിന്നുണ്ടായ അനഫിലാക്ടിക് ഷോക്ക് എന്നറിയപ്പെടുന്ന രോഗാവസ്ഥയുണ്ടായതിനെ തുടര്‍ന്ന് വില്‍സണിനെ ജോലി ചെയ്തു വന്ന ബാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

14 മാസം നീണ്ടുനിന്ന അന്വേഷണത്തിന് ഒടുവില്‍ ആണ് മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ റസ്റ്റോറന്റ് ഉടമ മൊഹമ്മദ് ഖാലിഖ് സമാനെ അറസ്റ്റ് ചെയ്തതെന്ന് പറയപ്പെടുന്നു. ബെസ്റ്റ് ഇന്‍ യോര്‍ക് ഷെയര്‍ അവാര്‍ഡ്,ബംഗ്ളാദേശി കാറ്ററിംഗ് അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ സമാന്‍ നേടിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക