ബോറടി മാറ്റാന്‍ 51,000 ഏക്കര്‍ വനത്തിന് തീയിട്ട യുവതി പിടിയില്‍
ബോറടി മാറ്റാനായി 51,000 ഏക്കര്‍ വനത്തിന് തീയിട്ട യുവതി പിടിയിലായി. ഒറിഗോണിലെ സാദി റെനീ ജോണ്‍സണ്‍ എന്ന 23 കാരിയാണ് അഗ്നിശമനസേനയിലെ സുഹൃത്തുക്കള്‍ക്ക് എട്ടിന്റെ പണി കൊടുത്തത്. അവര്‍ ചുമ്മാ ഇരിക്കുകയാണെന്നും എന്തെങ്കിലും പണി ചെയ്യുന്നത് അവര്‍ക്ക് നല്ലതായിരിക്കുമെന്ന് പറഞ്ഞാണ് യുവതി ഏക്കര്‍ കണക്കിന് വനത്തിന് തീയിട്ടത്.
യുവതി കടലാസ് കത്തിച്ചതിന് ശേഷം വനത്തിലേയ്ക്ക് എറിയുകയായിരുന്നു. തുടര്‍ന്ന് തീ ആളിപ്പടരുകയായിരുന്നു. 2013 ജൂണില്‍ സംഭവം നടന്നതെങ്കിലും സെപത്ംബറിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ നിയന്ത്രണ വിധേയമാക്കാന്‍ ഗവണ്‍മെന്റിന് ചിലവായത് 80 ലക്ഷം ഡോളറും.
രണ്ട് ദിവസത്തിനുളളില്‍ തീയണയും എന്ന് വിചാരിച്ചാണ് തീയിട്ടതെന്ന് യുവതി ഫെയ്‌സ്ബുക്കിലുടെ വെളിപ്പെടുത്തിയപ്പോഴാണ് തീയുടെ ഉറവിടം മറ്റുളളവര്‍ അറിഞ്ഞത്. എങ്ങനെയുണ്ട് തീ എന്നായിരുന്നു സൗദിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
യുവതിക്കെതിരെ കേസ് നടപടികള്‍ തുടരുകയാണ്. അഞ്ചു വര്‍ഷം തടവു ശിക്ഷ വരെ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.