ഫിഫ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശം പൂര്‍ത്തിയായി, പട്ടികയില്‍ 6പേര്‍
ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (08:55 IST)
ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശം പൂര്‍ത്തിയായി. വിവാദ നായകനും യുവേഫ പ്രസിഡന്റുമായ മിഷേല്‍ പ്ളാറ്റിനിയും ജോര്‍ദ്ദാന്‍ രാജകുമാരമുമടക്കം ആറുപേരാണ് മത്സരരംഗത്തുള്ളത്. വരുന്ന ഫെബ്രുവരി 26 നാണ് തെരഞ്ഞെടുപ്പ്. അതേസമയം, തെരഞ്ഞെടുപ്പില്‍ ജിയാനി ഇന്‍ഫാന്റിനോയെ മത്സരിപ്പിക്കാന്‍ യുവേഫ തീരുമാനിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപ്രതീകഷിതമായി ജിയാനി ഇന്‍ഫാന്റിനോ മത്സരരംഗത്തേക്ക് വരുന്നത്.
ഏഷ്യന്‍ ഫുട്ബോള്‍ പ്രസിഡന്റ് ഷേഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം, ജോര്‍ദ്ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന്‍, ട്രിനാഡാഡ് ടുബാഗോ മുന്‍ താരം ഡേവിഡ് നാക്കിദ് , ഫിഫ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ജെറോം, മണ്ടേലയ്ക്കൊപ്പം ജയില്‍ വാസമനുഷ്ഠിച്ചിട്ടുള്ള ടോക്യോ സെക്സവൈല്‍ എന്നിവരാണ് ഫിഫ അധ്യക്ഷ കസേരയിലേക്ക് മത്സരിക്കുന്നത്.
മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാര കസേരയില്‍ അഞ്ചാം വട്ടവും സ്ഥാനം പിടിച്ച സെപ് ബ്ലാറ്റര്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജി വെച്ചതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിവാര്യമായത്. ഫിഫയെ പിടിച്ചു കുലുക്കിയ അഴിമതി ആരോപണങ്ങളില്‍ ബ്ലാറ്ററുടെ വലം കൈയായ മിഷേല്‍ പ്ളാറ്റിനി മത്സരിക്കുന്നുവെന്നതാണ് ശ്രദ്ധായാകര്‍ഷിക്കുന്നത്.
ബ്ലാറ്ററുമായി പ്ളാറ്റിനി അഴിമതി ഇടപാടുകള്‍ നടത്തിയതിനുള്ള തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്ളാറ്റിനിയുടെ ജയസാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തല്‍. അഴിമതി ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലാണെങ്കിലും ഫിഫ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്ലാറ്റിനി. സസ്‌പെന്‍ഷനെതിരെ പ്ലാറ്റിനി അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും യുവേഫയില്‍ പിന്തുണയ്ക്കാന്‍ അധികം ആളുണ്ടായേക്കില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബ്ലാറ്റര്‍ക്കെതിരെ പോരടിച്ച ജോര്‍ദ്ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനാണ് കൂടുതല്‍ സാധ്യത. ആകെയുള്ള 209ല്‍ ഏഷ്യയിലെ 46ഉം യൂറോപ്പിലെ 53ഉം വോട്ടുകള്‍ നിര്‍ണായകം ആകുമെന്നാണ് വിലയിരുത്തല്‍.