അന്യഗ്രഹങ്ങളിൽ ജീവനുണ്ടാകും പക്ഷെ ക്രിസ്തു ഭൂമിയില്‍ മാത്രമേ വന്നിട്ടുള്ളു: കത്തോലിക്കാ സഭ
വ്യാഴം, 6 ഓഗസ്റ്റ് 2015 (14:08 IST)
അന്യഗ്രഹങ്ങളിൽ ജീവനുണ്ടെന്ന വാദം കത്തോലിക്കാ വിശ്വാസത്തിന് എതിരല്ലെന്ന് വത്തിക്കാന്‍. അന്യഗ്രഹങ്ങളിൽ ജീവനുള്ള സാധ്യത അംഗീകരിക്കുന്നുവെങ്കിലും യേശു ഭൂമിയിൽ മാത്രമേ അവതരിച്ചിട്ടുള്ളു എന്നും വത്തിക്കാൻ ഒബ്സർവേറ്ററിയുടെ ഡയറക്ടറും ജ്യോതിശാസ്ത്രജ്ഞനുമായ ഫാദർ ജോസ് ഫ്യൂൺസ് പറഞ്ഞു. വത്തിക്കാൻ ദിനപത്രമായ എൽ ഒസർവത്തോരേ റോമാനോയിലാണ് ഇദ്ദേഹം ഈ വാദം മുന്നോട്ട് വയ്ക്കുന്നത്.
ഭൂമിക്കു സമാനമായ കെപ്ലർ 452-ബി എന്ന ഗ്രഹത്തിൽ ജീവൻ കാണുവാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ സമീപകാലത്തു കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലാണ് സഭയെ പുതിയ തിരുത്തലുകൾക്കു വഴിതെളിച്ചത്. അന്യഗ്രഹങ്ങളിൽ ജീവനുണ്ടാകാം. എന്നാല്‍ യേശു ഭൂമിയിൽ മാത്രമേ അവതരിച്ചിട്ടുള്ളു. യേശു എന്നത് മാനവരാശിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു സംഭവമാണ്. ഇതു പോലെ മറ്റു ഗ്രഹങ്ങളിൽ യേശു അവതരിച്ചു എന്നു വിശ്വസിക്കാനാവില്ല- ഫാദർ ഫ്യൂൺസ് പറയുന്നു.
ഇതാദ്യമല്ല അന്യഗ്രഹ ജീവനെ അംഗീകരിച്ചു ഫാദർ ഫ്യൂൺസ് സംസാരിക്കുന്നത്. 2008-ലും അന്യഗ്രഹ ജീവൻ കത്തോലിക്കാ വിശ്വാസത്തിന് എതിരല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അന്യഗ്രഹങ്ങളിൽ ജീവനുണ്ടെന്നത് കത്തോലിക്കാ വിശ്വാസത്തിനും ബൈബിളിനോ എതിരല്ലെന്നും ഫ്യൂൺസ് വെളിപ്പെടുത്തുന്നു.