ഗാസയില്‍ സംഘര്‍ഷം അവസാനിപ്പിച്ചാല്‍ മാത്രമേ ട്രംപിന് നൊബേല്‍ സമ്മാനം ലഭിക്കുകയുള്ളുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. വാര്‍ത്താ ചാനലായ ബിഎഫ്എംടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മാക്രോണ്‍ ഇകാര്യം പറഞ്ഞത്. ഇസ്രയേലും പാലസ്തീനും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന ഒരേ ഒരു വ്യക്തി അമേരിക്കന്‍ പ്രസിഡന്റാണെന്നും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
150ലേറെ രാജ്യങ്ങളാണ് പലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണയുമായി എത്തിയത്. ഫ്രാന്‍സിന്റെയും സൗദി അറേബ്യയുടെയും അധ്യക്ഷതയില്‍ ഐക്യരാഷ്ട്രസഭയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജര്‍മ്മനിയും ഇറ്റലിയും അമേരിക്കയും പങ്കെടുത്തില്ല. അതേസമയം പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളോട് അമേരിക്കയില്‍ നിന്ന് എത്തിയ ശേഷം മറുപടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.