ഭൂമിക്കൊരു കുടയുണ്ട്, സുഷിരങ്ങളുള്ള കുട, നീലനിറത്തില്‍ അത് നമ്മെ അപകടകരമായ കിരണങ്ങളില്‍ നിന്ന് നിരന്തരം സംരക്ഷിച്ചുകൊണ്ടെയിരിക്കുന്നു. കുടയാണെങ്കില്‍ സുഷിരം വീണാല്‍ പ്രയോജനമില്ലാതാകും. അടുത്തകാലം വരെ ഈ കുടയും നിലൊഅനില്‍പ്പിനായുള്ള പോരാട്ടത്തിലായിരുന്നു. ഏതാണെന്നറിയാമോ ഈ നീലക്കുട. ഓസോണ്‍ പാളിയെന്ന് ശാസ്ത്രജ്ഞര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഈ കുട ഇന്ന് തനിയെ പരിക്കുകള്‍ തീര്‍ക്കുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
നൂറ്റാണ്ടുകളായി ഭൂമണ്ഡലത്തേ സംരക്ഷിച്ചിരുന്ന ഈ ഓസോണ്‍ പാളി മനുഷ്യന്റെ ഭോഗാസക്തിയുടെ ഫലമായി അന്തരീക്ഷത്തില്‍ വ്യാപിച്ച വിഷലിപതമായ ക്ലോറോ ഫ്ലൂറോ കാര്‍ബണുകളും വിമാന ഇന്ധനങ്ങളുടെ ബാക്കി പത്രങ്ങളും കാര്‍ന്നു തിന്നാന്‍ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ടത് 1980ല്‍ ആയിരുന്നു. അതൊടെ വ്യവസായ വല്‍ക്കരണത്തില്‍ അതിവേഗം കുതിച്ചുകൊണ്ടിരുന്ന അമേരിക്കയും ചൈനയും റഷ്യയും യൂറോപ്യന്‍ ശക്തികളും ഈ ഉത്തരവാദിത്തത്തിന്റെ പാപ ഭാരത്താല്‍ തലകുനിച്ചു നിന്നു, കാലങ്ങളോളം.
എന്നാല്‍ ഇനി ഇവര്‍ക്കൊക്കെ ഇനി പതിയെ ചിരിച്ചുകൊണ്ട് തല ഉയര്‍ത്താന്‍ സാധിക്കും. ഐക്യരാഷ്ട്ര സംഘടനയുടെ പഠന ഫലങ്ങള്‍ പ്രകാരം ഓസോണ്‍ പാളിയിലുണ്ടായ സുഷിരത്തിന്റെ വ്യാപ്തി കുറഞ്ഞുവരികയാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഓസോണ്‍ പാളിയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 1987 സെപ്റ്റംബര്‍ 16ന് മോണ്‍ട്രിയലില്‍ വച്ച് ഒപ്പിട്ട ഉടമ്പടി ലോകരാജ്യങ്ങള്‍ അക്ഷരം പ്രതി അനുസരിച്ചതിന്റെ പ്രതിഫലനവും കൂടിയാണ് ഈ ചരിത്ര നേട്ടം.
ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ ആദ്യമായി സകല ലോകരാഷ്ട്രങ്ങളും അംഗീകരിച്ച ഉടമ്പടിയെന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ടു തന്നെ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 16ന് ഓസോണ്‍ ദിനമായി ആചരിക്കുന്നു. മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ എന്നാണ് ഈ ഉടമ്പടി അറിയപ്പെടുന്നത്. ഇത് നടപ്പിലായില്ലായിരുന്നു എങ്കില്‍ 2050 ആകുമ്പോഴേക്കും ഓസോണ്‍ പാളിയെ തിരിച്ചു കിട്ടാന്‍ കഴിയാത്ത വിധത്തില്‍ അന്തരീക്ഷത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കൂടുമായിരുനു. ഫലമോ ഓസോണ്‍ സുഷിരത്തിലൂടെ വരുന്ന അള്‍ട്രാവയലറ്റ് രശ്മികളേറ്റ് 2030 ആകുമ്പോഴേക്കും ലോകത്തില്‍ 20 ലക്ഷത്തിലധികം ത്വക് ക്യാന്‍സര്‍ രോഗികളെങ്കിലും ഉണ്ടാകുമായിരുന്നത്രേ!
പക്ഷേ ഓസോണിന്റെ തിരിച്ചു വരവിന്റെ സൂചനകളുമായി പുതിയ വാര്‍ത്തകള്‍ വന്നു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഇതാദ്യമായി ഓസോണ്‍പാളി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരിക്കുന്നുവത്രേ! ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ഓസോണ്‍പാളി പൂര്‍വസ്ഥിതിയിലേക്കു തിരിച്ചെത്തുകയും ശക്തമായ സുരക്ഷാകവചമായി മാറുകയും ചെയ്യുമെന്നാണ് യുഎന്നിന്റെ പരിസ്ഥിതി വിഭാഗമായ യുഎന്‍ഇപിയുടെ റിപ്പോര്‍ട്ട്.
ഓസോണ്‍ പാളിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന് ലോകമെമ്പാടുമുള്ള നേതാക്കളും ശാസ്ത്രജ്ഞരും വിഗദ്ധരും തലപുകഞ്ഞാലോചിച്ചു നടപ്പാക്കിയ പദ്ധതികളുടെ ഫലമാണ് ഓസോണിനു കിട്ടിയ ഈ പിറന്നാള്‍ സമ്മാനം. എന്നാല്‍ ഈ സന്തോഷവാര്‍ത്തയില്‍ മനംമയങ്ങി നില്‍ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തയാറല്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ രാജ്യാന്തര ഓസോണ്‍ദിനത്തിന്റെ വിഷയം തന്നെ-'ഓസോണ്‍പാളിയുടെ സംരക്ഷണം: ദൌത്യം തുടരുന്നു എന്നതാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് (https://play.google.com/store/apps/details?id=com.webdunia.app&hl=en) ചെയ്യുക. ഫേസ്ബുക്കിലും (https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl) ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.