ട്രംപ് പ്രസിഡന്റായാല്‍ 28 ശതമാനം ഇന്ത്യക്കാർ അമേരിക്ക വിടും; വരാന്‍ പോകുന്ന ആപത്ത് എന്താകുമെന്ന് വ്യക്തമാകാതെ മുസ്ലിം വിഭാഗങ്ങള്‍

ശനി, 21 മെയ് 2016 (21:01 IST)
വിവാദ പ്രസ്‌താവനയ്‌ക്ക് പേരുകേട്ട അമേരിക്കന്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്ക വിടാനൊരുങ്ങി 28 ശതമാനം ഇന്ത്യക്കാർ തയാറായി നില്‍പ്പുണ്ടെന്ന് സർവേ റിപ്പോര്‍ട്ട്.
ട്രംപ് പ്രസിഡന്റായാല്‍ അയല്‍ രാജ്യമായ കാനഡയിലേക്ക് കുടിയേറാനാണ് വലിയൊരു സംഘം ആളുകളും തീരുമാനിച്ചിരിക്കുന്നത്. മുസ്‌ലിം വിഭാഗത്തിലുള്ളവരാണ് കൂടുതലായും രാജ്യം വിടാന്‍ ഒരുങ്ങി നില്‍ക്കുന്നത്.

പ്രകോപനപരവും വംശീയവും കുടിയേറ്റ വിരുദ്ധവുമായ പരാമർശങ്ങളിലൂടെ വിവാദനായകനായ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് മത്സരാർഥികളിൽ മുന്നേറ്റം തുടരുകയാണെങ്കിലും വലിയൊരു വിഭാഗം ട്രംപിനെതിരെ തിരിയുന്നതായാണ് ഇത് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം ചൈനയ്‌ക്കെതിരെയും ട്രംപ് വിവാദമായ പരാമര്‍ശം നടത്തിയിരുന്നു. താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ ചൈനയ്‌ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി അവരെ ബഹുമാനിക്കും. ചൈന അമേരിക്കയോടെ മാന്യമായി പെരുമാറിയില്ലെങ്കില്‍ തങ്ങളുടെ വഴിക്ക് കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതിനിടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വം ട്രംപ് ഏകദേശം ഉറപ്പിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലാരി ക്ലിന്റണുമായിട്ടായിരിക്കും ട്രംപിന്റെ പോരാട്ടം.

വെബ്ദുനിയ വായിക്കുക