പാകിസ്ഥാന്‍ പിണക്കത്തിലാണ്: ഡല്‍ഹി-ലാഹോര്‍ ബസ് സര്‍വീസ് ഇനി പാതിവഴി മാത്രം

ബുധന്‍, 7 ജനുവരി 2015 (16:24 IST)
പെഷവാര്‍ സ്കൂള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വാഗ അതിര്‍ത്തിവഴിയുളള ഡല്‍ഹി-ലാഹോര്‍ ബസ് സര്‍വീസിന് പാകിസ്ഥാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 1999ല്‍ ആരംഭിച്ച സര്‍വീസിന് ഇതാദ്യമായാണ് നിയന്ത്രണം കൊണ്ടുവരുന്നത്.  

വാഗ അതിര്‍ത്തിവഴിയുളള ഡല്‍ഹി-ലാഹോര്‍ ബസ് സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വാഗയിലെ സബ് ഓഫീസില്‍ നിന്നായിരിക്കും ഇനി സര്‍വീസ് തുടങ്ങുന്നത്. പാകിസ്ഥാനിലെ ലാഹോറില്‍ നിന്ന് പുറപ്പെടുന്ന ബസ് വാഗ അതിര്‍ത്തിയില്‍ യാത്ര അവസാനിപ്പിക്കും. ഇവിടെ നിന്നും ഡല്‍ഹിയിലേക്കോ അമൃത്സറിലേക്കോ പോകണമെങ്കില്‍ മറ്റൊരു ബസിനെ ആശ്രയിക്കണം. അതുപോലെ തന്നെ ഡല്‍ഹിയില്‍ നിന്നും വരുന്ന ബസുകളും വാഗ അതിര്‍ത്തിയില്‍ യാത്ര അവസാനിപ്പിക്കും. അവിടെ നിന്ന് മറ്റ് ബസുകളില്‍ മാത്രമെ ലാഹോറിലേക്ക് പോകാന്‍ സാധ്യതയുള്ളു.

ദിവസങ്ങള്‍ക്ക് മുമ്പ് പെഷവാര്‍ സ്കൂള്‍ ആക്രമിച്ച തീവ്രവാദികള്‍ കുട്ടികളടക്കം 150ലധികം പേരെ കൊലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഭീകരാക്രമണ ഭീഷണി കണക്കിലെടുത്താണ് നടപടിയെന്നാണ് പാക്കിസ്ഥാന്‍ ടൂറിസം കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ ദിവസങ്ങളായി തുടരുന്ന യുദ്ധസമാനമായ അവസ്ഥയാണ് ഡല്‍ഹി-ലാഹോര്‍ ബസ് സര്‍വീസ് അവസാനിപ്പിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക