അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു; വൈറ്റ്‌ഹൈസിൽ പതാക താഴ്ത്തിക്കെട്ടി

ചൊവ്വ, 23 ഫെബ്രുവരി 2021 (09:32 IST)
വാഷിങ്ടൺ: അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായവർക്ക് ആദരം അർപ്പിച്ച് വൈറ്റ്‌ഹൗസിൽ അമേരിക്കൻ പതാക പാതി താഴ്ത്തി. അഞ്ചുദിവസത്തേയ്ക്ക് പകുതി താഴ്ത്തിക്കെട്ടിയ നിലയിൽ വൈറ്റ്‌ഹൗസിൽ അമേരിക്കൻ പതാക നിലനിർത്തും. മെഴുകുതിരി കത്തിച്ചാണ് പ്രസിഡന്റ് ജോ ബൈഡനും, വൈസ് പ്രസിഡന്റ് കമലാ ഹാരിസും മരണപ്പെട്ടവർക്ക് ആദരം രേഖപ്പെടുത്തിയത്. രണ്ടു ലോകമഹായുദ്ധങ്ങളിലും വിയറ്റ്‌നാം യുദ്ധത്തിലും കൊല്ലപ്പെട്ട ആകെ ആളുകളെക്കാൾ കൂടുതലാണ് കൊവിഡ് ബാധിച്ച് മരിച്ച അമേരിക്കക്കാരുടെ എണ്ണം എന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
 
ഒരു രാജ്യം എന്ന നിലയിൽ ഈ ക്രൂരവിധി അംഗീകരിയ്ക്കാൻ സാധിയ്ക്കുന്നതല്ല. ഈ മരവിപ്പിൽനിന്നും നമ്മൾ കരകയറിയെ മതിയാകു. നമുക്ക് നഷ്ടപ്പെട്ടവരെ അനുസ്മരിയ്ക്കാൻ ഞാൻ എല്ലാ അമേരിക്കക്കാരോടും അഭ്യർത്ഥിയ്ക്കുന്നു എന്ന് ജോ ബൈഡൻ പറഞ്ഞു. അമേരിക്കയിൽ ഫെബ്രുവരിയോടെ കൊവിഡ് മരണങ്ങൾ അഞ്ചുലക്ഷം കടക്കും എന്ന് നേരത്തെ തന്നെ ആരോഗ്യ വിദഗ്ധർ പ്രവചിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍