കൊവിഡ് 19: അറബ് രാജ്യങ്ങളിൽ 17 ലക്ഷത്തിലധികം പേർക്ക് ഈ വർഷം തൊഴിൽ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ

തിങ്കള്‍, 23 മാര്‍ച്ച് 2020 (09:20 IST)
കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയിൽ അറബ് രാജ്യങ്ങളിൽ 17 ലക്ഷത്തിലധികം പേർക്ക് ഈ വർഷം ജോലി നഷ്ടമാവുമെന്ന് റിപ്പോർട്ട്.നിലവിലെ കൊവിഡ് വൈറസ് ബാധ സമ്പദ് വ്യവസ്ഥകളെ തകർക്കുന്ന തരത്തിൽ അപകടകരമായ രീതിയിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് വലിയ തൊഴിൽ നഷ്ടത്തിലേക്കെത്തിക്കുമെന്നും യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റ് ഏഷ്യ (ഇ.എസ്.സി.ഡബ്ല്യൂ.എ) പുറത്തിറക്കിയ നയരേഖയിൽ പറയുന്നു.
 
നിലവിൽ കൊറോണ വ്യാപനം തടയുന്നതിനായി രാജ്യങ്ങൾ തങ്ങളുടെ അതിർത്തികൾ അടക്കുകയാണ് ചെയ്യുന്നത്. പൊതുസ്ഥലങ്ങളിൽ നിന്ന് ആളുകളെ വിലക്കുകയും ജീവനക്കാരെ വീടിലേക്ക് പറഞ്ഞുവിടുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യം ഇതിന് മുൻപ് നേരിടേണ്ടി വന്നിട്ടില്ല. ഇത് സാമ്പത്തിക ആഘാതത്തിന്റെ കാഠിന്യം കൂട്ടുകയാണ് ചെയ്യുന്നത്.2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് വിരുദ്ധമായി എല്ലാ രംഗങ്ങളിലെയും തൊഴിലിനെ ഇപ്പോഴത്തെ ആഘാതം ബാധിക്കുമെന്നാണ്  ഇ എസ് സി ഡബ്യു എ റിപ്പോർട്ട് പറയുന്നത്. നിലവിലെ ആഘാതം സേവനമേഖലയെ സാരമായി ബാധിക്കുകയും ഇപ്പോഴുള്ള പ്രവർത്തനം പകുതിയായി കുറയുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
 
എണ്ണവിലയിടിവും പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ മാര്‍ച്ച് പകുതി മുതല്‍ വ്യാപകമായി അടച്ചിടേണ്ടി വരുന്നതിന്റെ നഷ്ടവും വിലയിരുത്തുമ്പോൾ അറബ് രാജ്യങ്ങളുടെ ജിഡിപിയിൽ 42 ബില്യൺ ഡോളറിന് മേൽ നഷ്ടം സംഭവിക്കും.വ്യാപകമായ ഈ അടച്ചിടല്‍ എത്ര കാലം നീളുന്നോ മേഖലയുടെ സാമ്പത്തിക രംഗത്ത് അത്രയും കാലം പ്രതിസന്ധി തുടരും.ഇതിന് പുറമെ സൌദി അറേബ്യയും റഷ്യയും തമ്മില്‍ എണ്ണവിലയെച്ചൊല്ലിയുള്ള തര്‍ക്കവും കനത്ത നഷ്ടമാണറബ് രാജ്യങ്ങൾക്കുണ്ടാക്കുന്നത്.സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാന്‍ സൂക്ഷ്മതലം മുതലുള്ള ഫലപ്രദമായ ഇടപെടലുകള്‍ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍