കൊറോണ: ഇറ്റലിയിൽ മരണം 223 ആയി, 1.6 കോടി ജനങ്ങൾക്ക് സമ്പർക്കത്തിന് വിലക്ക്, നഗരം അടച്ചു

അഭിറാം മനോഹർ

ഞായര്‍, 8 മാര്‍ച്ച് 2020 (09:56 IST)
ഇറ്റലിയിൽ കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 223 ആയി. ശനിയാഴ്ച്ച മാത്രം 50 മരണമാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്‌തത്. ചൈനക്ക് പിന്നിൽ ഏറ്റവും മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത രാജ്യവും ഏറ്റവുമധികം കൊറോണ കേസുകളുള്ള രാജ്യമാണ് ഇറ്റലി.5883 പേര്‍ക്കാണ് ഇറ്റലിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
 
കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വടക്കൻ ഇറ്റലി പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. നിലവിൽ വടക്കൻ ഇറ്റലിയിലെ 1.6 കോടി ജനങ്ങൾക്ക് ഗവണ്മെന്റ് സമ്പർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൊറോണ കേസുകൾ ധാരാളം റിപ്പോർട്ട് ചെയ്‌ത ലോമ്പാര്‍ഡി നഗരം പൂര്‍ണമായും അടച്ചുപൂട്ടാനാണ് അധികൃതരുടെ തീരുമാനം. ലോമ്പാര്‍ഡി മേഖലയിലുള്‍പ്പെടെ 12 മേഖലയിലെ ജനങ്ങള്‍ക്ക് ഏപ്രിൽ അവസാനം വരെ നിർബന്ധിത സമ്പർക്ക് വിലക്ക് തുടരും.
 
കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ ലോമ്പാർഡിയുടെ സമീപപ്രദേശങ്ങളിലെ സ്കൂളുകൾ,കോളേജുകൾ,മ്യൂസിയം,വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ അടച്ചിടും. രോഗലക്ഷണങ്ങൾ ഉള്ളവർ നിരീക്ഷണത്തിൽ തുടരും.കൊറോണ വൈറസ് ബാധയെ തുടർന്ന് ഇതുവരെ 3592 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍